വഴിയാത്രക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയ കേസെടുത്തു

ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ എതിര്‍ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.കേരളത്തില്‍ കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് കോടതി പറഞ്ഞു

Update: 2019-06-11 10:44 GMT

കൊച്ചി:തിരുവനന്തപുരം പേട്ടയില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ എതിര്‍ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.കേരളത്തില്‍ കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് കോടതി പറഞ്ഞു. മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടിവീണുണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കലാണ് ലക്ഷ്യമെന്നു കോടതി പറഞ്ഞു.കേസ് തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ല, അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി വ്യക്തമാക്കി.എതിര്‍ കക്ഷികളോട് കോടതി വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെയും ചീഫ് സെക്രട്ടറിയുടെയും വിശദീകരണം കേട്ടശേഷം കോടതി തുടര്‍ നടപടികളിലേയ്ക്ക് കടക്കും. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ തട്ടി രണ്ടുപേര്‍ മരിച്ചത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമായത്. 

Tags:    

Similar News