മഴ കനക്കുന്നു; വെള്ളപ്പൊക്കത്തിന് സാധ്യത

നദികളുടെയും മറ്റ് ജലാശയങ്ങളുടേയും അടുത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Update: 2020-08-06 12:38 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മിക്ക ഡാമുകളുടേയും ഷട്ടറുകള്‍ ഉയര്‍ത്തിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. മിക്ക നദികളിലും വെള്ളപ്പൊക്ക സാധ്യതയ്ക്കടുത്താണ് വെള്ളത്തിന്റെ ഉയര്‍ച്ച കാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ നദികളുടെയും മറ്റ് ജലാശയങ്ങളുടേയും അടുത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട മണിയാര്‍ ബാരേജിന്റെ 5 ഷട്ടറുകള്‍ 10 മുതല്‍ 120 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഈ വിഭാഗത്തില്‍ ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ഈ മാസം നാലാം തീയതി മുതല്‍ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. നിലവില്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.

ഈ മാസം ഒമ്പത് വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ മാസം 10 വരെ മണിയാര്‍ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഈ മാസം 10 വരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ മുതല്‍ 120 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തിയേക്കാം.

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 30 സെന്റീ മീറ്റര്‍ മുതല്‍ 2 മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ കാരണമാകും. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

കോതമംഗലം ആറിലെ ജലനിരപ്പ് അപകടകരമാം വിധത്തില്‍ ഉയര്‍ന്നിട്ടുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 9.015 ആണ് കോതമംഗലം ആറിന്റെ വെള്ളപ്പൊക്ക സാധ്യതാ ജലനിരപ്പ്, എന്നാല്‍ രാവിലെയോടെ തന്നെ ആറ്റിലെ ജലനിരപ്പ് 10.005 കഴിഞ്ഞിരുന്നു. പല്ലാരിമംഗലം, കോതമംഗലം മുനിസിപ്പാലിറ്റി, വാരാപ്പെട്ടി, പായിപ്ര, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ളതായും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

തൊടുപുഴ ആറിലും കിള്ളിയാറിലും കോതമംഗലം ആറിലും മൂവാറ്റുപുഴ ആറിലും വെള്ളപ്പൊക്ക സാധ്യതാ നിരക്കിനടുത്താണ് വെള്ളം പൊങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വെള്ളപ്പൊക്കം ഉണ്ടാകാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു.

മൂവാറ്റുപുഴ, പെരിയാര്‍ നദീതീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. വണ്ണപ്പുറത്ത് 5.5 മില്ലി മീറ്റര്‍ വീതവും പിറവത്ത് 12.2 മില്ലി മീറ്ററും കീരംപാറയില്‍ 1.2 മില്ലി മീറ്ററുമാണ് മഴ ലഭിക്കുന്നത്. കിഴക്കന്‍ ജില്ലകളില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ അരുവിക്കര ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Similar News