കോഴിക്കോട്ട് വന്‍ ലഹരിമരുന്ന് വേട്ട, 3 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു

വിജയവാഡയില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി.

Update: 2021-04-14 08:17 GMT

കോഴിക്കോട്: രാമനാട്ടുകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ കോഴിക്കോട് പയ്യനാക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വറിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം അന്‍വറിനെ പിടികൂടിയത്. വിജയവാഡയില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. കോഴിക്കോട് നഗരത്തിലെ നിശാ പാര്‍ട്ടികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യാനാണ് ഇത് എത്തിച്ചതെന്നും പ്രതി പറഞ്ഞിട്ടുണ്ട്.

നിശാ പാര്‍ട്ടികള്‍ക്ക് പുറമേ, സിനിമ, കായിക രംഗത്തുള്ളവര്‍ക്കും അന്‍വര്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തിയതിന് പിന്നില്‍ മറ്റുപലര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് എക്‌സൈസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള അന്‍വറിനെയും എക്‌സൈസ് സംഘം വിശദമായി ചോദ്യംചെയ്യുന്നുണ്ട്. 

Similar News