ഹര്‍ത്താല്‍ അക്രമം: എറണാകളത്ത് 159 സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റൂറലില്‍ 86 പേരെയും സിറ്റിയില്‍ 63 പേരെയുമാണ് അറസ്റ്റ് ചെയ്തത്. റൂറലില്‍ അറസ്റ്റിലായ 79 പേരെ റിമാന്‍ഡ് ചെയ്തു. ഏഴുപേര്‍ക്ക് ജാമ്യം നല്‍കി. സിറ്റിയില്‍ മുന്‍കരുതലായിട്ടാണ് 63 പേരെ അറസ്റ്റ് ചെയ്തത്

Update: 2019-01-03 14:40 GMT

കൊച്ചി : ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസ് എറണാകളും റൂറല്‍, സിറ്റി ജില്ലകളിലായി ബിജെപി,സംഘപരിവാര പ്രവര്‍ത്തകരായ 159 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റൂറലില്‍ 86 പേരെയും സിറ്റിയില്‍ 63 പേരെയുമാണ് അറസ്റ്റ് ചെയ്തത്. റൂറലില്‍ അറസ്റ്റിലായ 79 പേരെ റിമാന്‍ഡ് ചെയ്തു. ഏഴുപേര്‍ക്ക് ജാമ്യം നല്‍കി. സിറ്റിയില്‍ മുന്‍കരുതലായിട്ടാണ് 63 പേരെ അറസ്റ്റ് ചെയ്തത്. കലൂര്‍ മാര്‍ക്കറ്റില്‍ തുറന്ന കടകള്‍ അടപ്പിക്കാനെത്തിയ പത്തുപേരെയും കളമശേരിയില്‍ 40 പേരെയും പോലീസ് പിടികൂടിയിരുന്നു. അക്രമം, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. എറണാകുളം ജില്ലയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു.സൗത്ത് കളമശേരി, എച്ച്എംടി ജംക്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. എച്ച്എംടി ജംക്ഷനില്‍ രാവിലെ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കാനുള്ള ശ്രമം ചെറുക്കാന്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

കമ്പനിപ്പടി, പാതാളം, വാഴക്കാല എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്കു നേരേ ആക്രമണമുണ്ടായി. കലൂര്‍, പാലാരിവട്ടം മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. പശ്ചിമ കൊച്ചിയില്‍ കാര്യമായ അനിഷ്ട സംഭവങ്ങളില്ല.

കാക്കനാട് തേവക്കലില്‍ ബുധനാഴ്ച രാത്രി മുതല്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നു. ഇന്നലെ രാവിലെ തേവക്കല്‍ നിന്നു കങ്കരപ്പടി വരെ ബിജെപിയും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പ്രകടനം നടത്തി. ഇതിനു ബദലായി കങ്കരപ്പടിയില്‍ നിന്നും തേവക്കല്‍ വരെ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതോടെ സംഘര്‍ഷം ഒഴിവാക്കാന്‍ കളമശേരി സിഐ പ്രസാദിന്റെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിച്ചു. വാഴക്കാലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനത്തിനിടെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെ സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കല്ലേറില്‍ ടെമ്പോ ട്രാവലറിന്റെ ചില്ലു തകര്‍ന്നു. കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച ആറു പേരെ എറണാകുളം സെന്‍ട്രല്‍ പോലീസും തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന് സമീപം റോഡ് ഉപരോധിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ ഹില്‍പാലസ് പോലീസും അറസ്റ്റ് ചെയ്തു നീക്കി.




Tags:    

Similar News