ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം; കുന്നംകുളത്ത് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഹര്‍ത്താലിനെ തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് പോലിസ് ഏറ്റെടുത്തിരിക്കുന്നതും സംയുക്ത സമിതി നേതാക്കള്‍ ആരോപിച്ചു.

Update: 2019-12-16 15:27 GMT

കുന്നംകുളം: ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുന്നംകുളത്ത് പ്രകടനം നടത്തിയ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. 25 സ്ത്രീകളും കൈകുഞ്ഞുങ്ങളുമടക്കം നൂറോളം പേരെയാണ് കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്.

നാളെ സംയുക്ത സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈകീട്ട് 5.30നാണ് പ്രകടനം നടത്തിയത്. വടക്കാഞ്ചേരി റോഡില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റിന് മുന്നില്‍ സമാപിച്ച ഉടനെയാണ് പോലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

സ്ത്രീകളേയും കുട്ടികളേയും മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിര്‍ത്തി. നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഏറെ നേരത്തിന് ശേഷമാണ് പ്രകടനം നടത്തിയവരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്. നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ് അറസ്റ്റിന് കാരണമെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍, ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടന്നെങ്കില്‍ കുന്നംകുളത്ത് മാത്രമാണ് അറസ്റ്റുണ്ടായത്.

അതേസമയം, ഹര്‍ത്താല്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഹര്‍ത്താലിനെ തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് പോലിസ് ഏറ്റെടുത്തിരിക്കുന്നതും സംയുക്ത സമിതി നേതാക്കള്‍ ആരോപിച്ചു.

Tags:    

Similar News