പട്ടികജാതി വീട്ടമ്മയ്ക്കുള്ള ധനസഹായം എസ് സി പ്രൊമോട്ടര്‍ അപഹരിച്ചു; സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വൈക്കം പുളിഞ്ചുവട് വാര്യത്തൊട്ടി ഓമനക്ക് ധനസഹായം അനുവദിക്കാനാണ് കമ്മീഷന്‍ വൈക്കം നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.പരാതിക്കാരിക്ക് അനുവദിച്ച രണ്ടും മൂന്നും ഗഡു രേഖകള്‍ തിരുത്തി സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതായി എസ് സി പ്രൊമോട്ടറായിരുന്ന വനിത നഗരസഭയെ രേഖാമൂലം അറിയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.നിര്‍ദ്ധനയായ പരാതിക്കാരിയോട് പണം ലഭിക്കാന്‍ വിജിലന്‍സ് കേസ് തീരുന്നതുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ക്രൂരതയാണെന്ന് കമ്മീഷന്‍

Update: 2019-02-24 11:32 GMT

കൊച്ചി: പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി നല്‍കിയ ധനസഹായത്തില്‍ നിന്നും 2,10,000 രൂപ എസ് സി പ്രൊമോട്ടര്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് വീട് നിര്‍മ്മാണം മുടങ്ങിപ്പോയ വീട്ടമ്മയ്ക്ക് അടിയന്തിരമായി സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.വൈക്കം പുളിഞ്ചുവട് വാര്യത്തൊട്ടി ഓമനക്ക് ധനസഹായം അനുവദിക്കാനാണ് കമ്മീഷന്‍ വൈക്കം നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവുകളോ ഇളവുകളോ ആവശ്യമുണ്ടെങ്കില്‍ കാലതാമസം കൂടാതെ നേടിയെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വൈക്കം നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ട് വാങ്ങി. പരാതിക്കാരിക്ക് അനുവദിച്ച രണ്ടും മൂന്നും ഗഡു രേഖകള്‍ തിരുത്തി സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതായി എസ് സി പ്രൊമോട്ടറായിരുന്ന വനിത നഗരസഭയെ രേഖാമൂലം അറിയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അപഹരിച്ച പണം കൊണ്ട് തനിക്ക് വീട് നിര്‍മ്മിച്ച് നല്‍കിയാല്‍ മതിയെന്ന് പരാതിക്കാരി നിലപാടെടുത്തു. അപഹരിച്ച തുക ഉപയോഗിച്ച് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് എസ്‌സി പ്രൊമോട്ടര്‍ സമ്മതിച്ചതായും റിപോര്‍ട്ടിലുണ്ട്. എന്നാല്‍ വിഷയം പോലീസിനെ അറിയിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.

പണാപഹരണ കേസ് കോട്ടയം വിജിലന്‍സിന്റെ പരിഗണനയിലാണ്. തുക ലഭിക്കുന്നതിനാവശ്യമായ സഹായം തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ ചെയ്തുകൊടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പണാപഹരണം സംബന്ധിച്ച് നടക്കുന്ന വിജിലന്‍സ് കേസിന്റെ അനേ്വഷണം അടിയന്തിരമായി പൂര്‍ത്തിയാക്കി നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് ഓമനക്ക് ആദ്യഗഡുവായ 45,000 രൂപ അനുവദിച്ചത്. രണ്ടാം ഗഡു ലഭിക്കാന്‍ വര്‍ഷങ്ങളോളം വൈക്കം നഗരസഭയില്‍ കയറിയിറങ്ങിയിട്ടും. കിട്ടിയില്ല. തുടര്‍ന്ന് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ പേര് ചേര്‍ക്കാന്‍ നഗരസഭയെ സമീപിച്ചപ്പോള്‍ രണ്ടും മൂന്നും ഘട്ടങ്ങളുടെ ധനസഹായമായ 2,10,000 തന്റെ വ്യാജ ഒപ്പിട്ട് കെപ്പറ്റിയതായി മനസ്സിലാക്കിയെന്ന് പരാതിയില്‍ പറയുന്നു.വീട് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും ധനസഹായം അനുവദിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദേ്യാഗസ്ഥന്‍ സ്ഥല സന്ദര്‍ശനം നടത്തണമെന്ന വ്യവസ്ഥ പാലിച്ചിരുന്നെങ്കില്‍ പരാതിക്കാരിക്ക് രണ്ടും മൂന്നും ഗഡുക്കള്‍ നഷ്ടമാകുമായിരുന്നില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാണിച്ചു.

തങ്ങള്‍ നല്‍കുന്ന ധനസഹായം യഥാര്‍ഥ ഗുണഭോക്താവിന് ലഭിച്ചുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഉദേ്യാഗസ്ഥര്‍ക്കുണ്ട് എന്നാല്‍ ഇക്കാര്യത്തില്‍ പട്ടിക ജാതി വികസന ഓഫീസറും നഗരസഭാ സെക്രട്ടറിയും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. നിര്‍ദ്ധനയും നിരാലംബയുമായ പരാതിക്കാരിയോട് പണം ലഭിക്കാന്‍ വിജിലന്‍സ് കേസ് തീരുന്നതുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ക്രൂരതയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഭവന നിര്‍മ്മാണ പദ്ധതിയിലോ പൂര്‍ത്തിയാക്കാത്ത വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതിയിലോ ഉള്‍പ്പെടുത്തി ധനസഹായം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ വീട് പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഏപ്രിലില്‍ കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ വൈക്കം നഗരസഭാ സെക്രട്ടറി ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു 

Tags:    

Similar News