എന്‍ഡോസള്‍ഫാന്‍ സമരം; മുഖ്യമന്ത്രി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു

Update: 2019-02-03 08:37 GMT

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. നേതാക്കളുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചു. അതേസമയം, ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന വ്യക്തമായ ഉറപ്പുണ്ടായാല്‍ മാത്രമെ സമരത്തില്‍ നിന്നും പിന്‍മാറുകയുള്ളുവെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

ഇന്നുരാവിലെ സമരക്കാര്‍ ക്ലിഫ്ഹൗസിലേക്ക് സങ്കടമാര്‍ച്ച് നടത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്് തയ്യാറായത്. ദുരിതബാധിതരുടെ എട്ട് കുടുംബങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കാതെ വന്നതോടെയാണ് രാവിലെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത്.

ഇതിനിടെ, എം വി ജയരാജന്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസ് നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും മാര്‍ച്ച് തുടങ്ങിയിരുന്നു. വി എം സുധീരന്‍ അടക്കമുള്ള പ്രമുഖരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ക്ലിഫ് ഹൗസിനു മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞതോടെ സമരക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. 

Tags:    

Similar News