കിഫ്ബി മസാലാ ബോണ്ട് നിയമസഭ പ്രത്യേകം ചർച്ച ചെയ്യും

കിഫ്ബി ധനാസമാഹരണത്തിനായുള്ള ബോണ്ട് അവ്യക്തവും ദുരൂഹവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബോണ്ടിന്റെ ഉയർന്ന പലിശ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

Update: 2019-05-28 05:45 GMT

തിരുവനന്തപുരം: കിഫ്ബി മസാലാ ബോണ്ട് വിവാദം നിയമസഭയിൽ പ്രത്യേകം ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്ന് ധനമന്ത്രി ടി എം തോമസ് ഐസക്കാണ് സർക്കാരിന്റെ നിലപാട് സഭയെ അറിയിച്ചത്. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകൾക്കും ശേഷമായിരിക്കും ചർച്ച നടക്കുക.

ഈ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. മസാലാ ബോണ്ട് ഉയർന്ന പലിശയ്ക്ക് വിൽക്കുന്നതു മൂലം സംസ്ഥാനത്തിന് വലിയതോതിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ശൂന്യവേളയുടെ ആരംഭത്തിൽ അരുവിക്കര എംഎൽഎ കെ എസ് ശബരീനാഥനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഈ നോട്ടീസ് പരിഗണിക്കുകയും ഇത് ചർച്ച ചെയ്യുന്ന കാര്യമല്ലേയെന്ന് ഭരണപക്ഷത്തോട് ആരായുകയും ചെയ്തു. ഉടൻതന്നെ സർക്കാർ നിലപാട് ധനമന്ത്രി വ്യക്തമാക്കുകയായിരുന്നു.

കിഫ്ബി ധനാസമാഹരണത്തിനായുള്ള ബോണ്ട് അവ്യക്തവും ദുരൂഹവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബോണ്ടിന്റെ ഉയർന്ന പലിശ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

Tags:    

Similar News