ശിവശങ്കര്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉപയോഗിച്ചിരുന്നു; വിദേശ കറന്‍സി കടത്തിലും ബന്ധമെന്ന് കസ്റ്റംസ്

ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചു.ശിവങ്കര്‍ ഉപയോഗിച്ചിരുന്ന വെളിപ്പെടുത്താത്ത രണ്ടു മൊബൈല്‍ ഫോണുകളില്‍ ഒന്നു പിടിച്ചെടുത്തു.ശിവശങ്കറിന് വിദേശ കറന്‍സി കടത്ത് കേസിലും ബന്ധമുള്ളതായി ശക്തമായ തെളിവ് ലഭിച്ചു.വിദേശ കറന്‍സി കടത്തും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

Update: 2020-11-30 10:48 GMT

കൊച്ചി: ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്താത്ത രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ശിവശങ്കര്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും വിദേശ കറന്‍സി കടത്തിലും ശിവശങ്കറിനെതിരെ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയില്‍.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറെ ഏഴു ദിവസത്തെ കൂടി കസ്റ്റഡി ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശിവശങ്കര്‍ നേരത്തെ അന്വേഷണ ഏജന്‍സിയോട് പറഞ്ഞിരുന്നത് അദ്ദേഹത്തിന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണുണ്ടായിരുന്നതെന്നാണെന്നും എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ ഇതു കൂടാതെ മറ്റു രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.എന്നാല്‍ ഇക്കാര്യം സമ്മതിക്കാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല.ഈ രണ്ടു ഫോണുകളില്‍ ഒരെണ്ണം കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ പിടിച്ചെടുത്തു.ഇതില്‍ നിന്നുള്ള ഡേറ്റകള്‍ വിശകലനം ചെയ്തു വരികയാണ്. ഇതിനൊപ്പം മറ്റൊരു മൊബൈല്‍ ഫോണ്‍കൂടി കണ്ടെത്തേണ്ടതുണ്ട്.ഈ സാഹചര്യത്തില്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

സ്വപ്‌നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറിന് വിദേശ കറന്‍സി കടത്ത് കേസിലും ബന്ധമുള്ളതായി ശക്തമായ തെളിവ് ലഭിച്ചു.വിദേശ കറന്‍സി കടത്തും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കുടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ഏഴു ദിവസം കൂടി ശിവശങ്കറെ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു കസ്റ്റംസ് കോടതിയെ അറിയിച്ചത്.സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതായും കസ്റ്റംസ് കോടതിയെ അറിയിച്ചു.പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറെ കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യണം. ഇതിലൂടെ മുമ്പു ശിവശങ്കര്‍ മറച്ചു വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിച്ചത്തുവരുമെന്നും കസ്റ്റംസ് പറഞ്ഞു.

ഒരു കോടിയിലിധികം രൂപയുടെ വിദേശ കറന്‍സി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും ചേര്‍ന്ന് കടത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇവരെ രണ്ടു പേരെയും നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല പുതിയ വിവരങ്ങളും ലഭിച്ചു. വിദേശ കറന്‍സി കടത്തില്‍ ബന്ധമുള്ള വിദേശ പൗരനടക്കം മറ്റു ചില വ്യക്തികളുടെ പേരും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.ഇവരുടെ പാസ്‌പോര്‍ട് വിവരങ്ങള്‍ അടക്കമുള്ളവ ശേഖരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌നയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം.കള്ളക്കടത്ത് രീതികള്‍ എപ്രകാരമായിരുന്നുവെന്നതടക്കം കണ്ടെത്തണം. ഈ സാഹചര്യത്തില്‍ സ്വപ്‌നയെയും സരിത്തിനെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴു ദിവസത്തെ കസ്റ്റഡി കൂടി അനുവദിക്കണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു.

Tags: