വാര്‍ത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികള്‍ അതിരുവിടുന്നോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആലോചിക്കണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

വാര്‍ത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികള്‍ നിര്‍ത്താന്‍ റൂളിങ് നല്‍കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നിരുന്നതായും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. സഭയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. സഭയിലെ ചില സ്ലോട്ടുകള്‍ മാത്രമാണ് ചാനലുകളില്‍ കാണിക്കുന്നത്. ഇതിന് പരിഹാരമായി സഭയിലെ സാമാജികരുടെ ഇടപെടലുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഭാ ടി വി ആരംഭിക്കും

Update: 2019-07-20 12:22 GMT

കൊച്ചി: വാര്‍ത്താ ചാനലുകളിലെ ആക്ഷേപ ഹാസ്യ പരിപാടികള്‍ അതിരുവിടുന്നുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തര്‍ ആലോചിക്കണമെന്ന്് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.ഫോര്‍മര്‍ എംഎല്‍എ ഫോറത്തിന്റെ സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികള്‍ നിര്‍ത്താന്‍ റൂളിങ് നല്‍കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നിരുന്നതായും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. സഭയിലെ ഒരംഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പക്ഷേ ആക്ഷേപ ഹാസ്യത്തോട് വിയോജിപ്പില്ല. എങ്കിലും ഇത്തരം പരിപാടികള്‍ അതിരുവിടുന്നുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തര്‍ ആലോചിക്കണം. ഇത് സംബന്ധിച്ച് സഭയില്‍ ഗൗരവപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. സഭയിലെ ചില സ്ലോട്ടുകള്‍ മാത്രമാണ് ചാനലുകളില്‍ കാണിക്കുന്നത്. ഇതിന് പരിഹാരമായി സഭയിലെ സാമാജികരുടെ ഇടപെടലുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഭാ ടി വി ആരംഭിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

നിയമസഭ ഒരുവര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റലായി മാറും.നിയമസഭാരേഖകളുടെ പ്രിന്റിങ്ങിനായി നിലവില്‍ ഭീമമായ തുക ചെലവാകുന്നുണ്ട്. ഈ രേഖകള്‍ എത്രപേര്‍ വായിക്കുന്നുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും സ്്പീക്കര്‍ പറഞ്ഞു. ഫോറം ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ ശങ്കരനാരായണന്‍, പി പി തങ്കച്ചന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, എന്‍ ശക്തന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാലകത്ത് സൂപ്പി, കെ ബാബു, എ എം ഷുക്കൂര്‍, എന്‍ ശങ്കരന്‍, സെബാസ്റ്റ്യന്‍ പോള്‍, കെ രാജന്‍ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, ജോസ് തെറ്റയില്‍, എ വി താമരാക്ഷന്‍, എം ഡി പദ്മ, കെ സി റോസക്കുട്ടി, സാവിത്രി ലക്ഷ്മണ്‍, തോമസ് ഉണ്ണിയാടന്‍, ടി യു കുരുവിള, എം വിജയകുമാര്‍, വി ജെ ജോയ്, സാജുപോള്‍, പി എം മാത്യു, പി സി ജോസഫ്, അല്‍ഫോണ്‍സ ജോണ്‍, കെ പി കുഞ്ഞിക്കണ്ണന്‍ പങ്കെടുത്തു. 

Tags:    

Similar News