ജനകീയം ഈ അതിജീവനം: പൊതുജനസംഗമം 20ന് തിരുവല്ലയില്‍

പണി തീര്‍ന്ന വീടുകളുടെ താക്കോല്‍ കൈമാറ്റവും വാസയോഗ്യം അല്ലാതായ സ്ഥലത്തിന് പകരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന സ്ഥലത്തിന്റെ രേഖയുടെ വിതരണവും ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.

Update: 2019-07-07 05:54 GMT

പത്തനംതിട്ട: സര്‍ക്കാര്‍ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 20ന് തിരുവല്ലയില്‍ ജനകീയം ഈ അതിജീവനം പൊതുജനസംഗമം സംഘടിപ്പിക്കും. മന്ത്രി കെ രാജു പൊതുജനസംഗമം ഉദ്ഘാടനം ചെയ്യും.

പണി തീര്‍ന്ന വീടുകളുടെ താക്കോല്‍ കൈമാറ്റവും വാസയോഗ്യം അല്ലാതായ സ്ഥലത്തിന് പകരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന സ്ഥലത്തിന്റെ രേഖയുടെ വിതരണവും ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.

ജില്ലയില്‍ പ്രളയത്തില്‍ പൂര്‍ണമായി 615 വീടുകളില്‍ തകര്‍ന്നിരുന്നു. സര്‍ക്കാര്‍ നേരിട്ടും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഇതില്‍ 320 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി കഴിഞ്ഞു. ബാക്കി വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ പൂര്‍ത്തിയാകുന്നവയുടെ താക്കോല്‍ ദാനം ചടങ്ങില്‍ നടക്കും. പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടം നികത്തുന്നതിന് പുതുതായി ലഭിച്ച അപ്പീലുകളില്‍ ഉടന്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കി നടപടി കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. പ്രളയപുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സര്‍ക്കാരുമായി കൈകോര്‍ത്തവരെ പൊതുജനസംഗമത്തില്‍ ആദരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് 12ന് രാവിലെ 10.30ന് തിരുവല്ലയില്‍ യോഗം ചേരും.

എംപി മുഖ്യരക്ഷാധികാരിയും എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും രക്ഷാധികാരികളും മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍ ഉപരക്ഷാധികാരികളും തിരുവല്ല എംഎല്‍എ അഡ്വ. മാത്യു ടി തോമസ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളുമായി സംഘാടക സമിതി രൂപീകരിച്ചു.

Tags:    

Similar News