വ്യാജ പാസ്‌പോര്‍ട്ട്: ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരം കോഴിക്കോട് അറസ്റ്റില്‍

Update: 2020-02-16 10:11 GMT

കോഴിക്കോട്: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരം കോഴിക്കോട്ട് അറസ്റ്റിലായി. കോടതി വാറണ്ട് അനുസരിച്ച് നാഗ്പൂര്‍ പോലിസാണ് കോഴിക്കോടെത്തി റോയല്‍ ട്രാവല്‍സ് ടീം താരം ഒ കെ ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റുചെയ്തത്. 2015ലാണ് ഇമ്മാനുവല്‍ വ്യാജ പാസ്‌പോര്‍ട്ടുമായി നാഗ്പൂരില്‍ അറസ്റ്റിലാവുന്നത്. ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണസമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

റോയല്‍ ട്രാവല്‍സ് ടീമില്‍ ഇമ്മാനുവല്‍ കളിക്കുന്നുണ്ടെന്ന് അറിഞ്ഞ നാഗ്പൂര്‍ പോലിസ് കോഴിക്കോട്ടെത്തി അറസ്റ്റുചെയ്യുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിരവധി സെവന്‍സ് ടൂര്‍ണമെന്റുകളില്‍ ഇമ്മാനുവല്‍ കളിക്കുന്നുണ്ട്. യഥാര്‍ഥ പാസ്‌പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്ന് യൂക്കാച്ചി പറഞ്ഞു. കേരളത്തില്‍ പലതവണ ഫുട്‌ബോള്‍ കളിക്കാന്‍ വന്നിട്ടുണ്ടെന്നും യൂക്കാച്ചി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പൂരിലേക്ക് കൊണ്ടുപോയി. സെവന്‍സ് ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള താരമാണ് യൂക്കാച്ചി.  



Tags:    

Similar News