കര്‍ദിനാളിനെതിരെ വ്യാജ രേഖ: സമവായ സാധ്യത ആരാഞ്ഞ് ഹൈക്കോടതി;സത്യം കണ്ടെത്തിയ ശേഷം സമവായമെന്ന് സീറോ മലബാര്‍ സഭ

വ്യാജരേഖ കേസ് പിന്‍വലിക്കുന്നതിന് തീരുമാനമായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഫാ.ആന്റണി തലച്ചെല്ലൂര്‍ വ്യക്തമാക്കി.ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തണം

Update: 2019-05-30 02:51 GMT

കൊച്ചി:കര്‍ദിനാളിനെതിരെയുള്ള വ്യാജ രേഖ കേസില്‍ സമവായ സാധ്യത ആരാഞ്ഞ് ഹൈക്കോടതി.സമവായം സത്യം കണ്ടെത്തിയതിനു ശേഷം മാത്രമെന്ന് വ്യക്തമാക്കി സീറോ മലബാര്‍ സഭ.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജ രേഖ കേസ് പിന്‍വലിക്കില്ലെന്നും സത്യം കണ്ടെത്തിയതിനു ശേഷം മാത്രമെ സമവായത്തിനുള്ളുവെന്നും മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ആന്റണി തലച്ചെല്ലൂര്‍ വ്യക്തമാക്കി.വ്യാജരേഖ കേസില്‍ തങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് വ്യാജരേഖ കേസ് ഒരു മധ്യസ്ഥനെ ഉള്‍പ്പെടുത്തി സമവായത്തില്‍ അവസാനിപ്പിക്കാനുള്ള സാധ്യത സംബന്ധിച്ച് ജസ്റ്റിസ് ആരാഞ്ഞത്. മധ്യസ്ഥനായി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തു.

വ്യാജരേഖ കേസില്‍ സിനഡിനുവേണ്ടി കേസ് ഫയല്‍ ചെയ്ത ഫാ. ജോബി മാപ്രകാവിലിന്റെ അഭിഭാഷകന്‍ ഇക്കാര്യം കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും, കര്‍ദ്ദിനാളിനെതിരെ തല്‍പ്പരകക്ഷികള്‍ കൊടുത്തിരിക്കുന്ന മറ്റ് കേസുകള്‍ ഉണ്ടെന്നും കോടതിയെ അറിയിച്ചു.കോടതിയില്‍ നടന്ന ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ കേസ് പിന്‍വലിക്കുന്നതിന് തീരുമാനമായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഫാ.ആന്റണി തലച്ചെല്ലൂര്‍ വ്യക്തമാക്കി.ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല.വ്യാജരേഖ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സഭാ സിനഡിന്റെ തീരുമാന പ്രകാരമാണ്. സമവായത്തിനുള്ള ഏതൊരു നിര്‍ദേശവും പരിഗണിക്കുന്നത് സഭയുടെ ബന്ധപ്പെട്ട സമിതികളില്‍ നടത്തുന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് മീഡിയ കമ്മീഷന്‍ അറിയിച്ചു.    

Tags:    

Similar News