മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച സംഭവം;കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

സീറോമലബാര്‍ സഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് ഈ രേഖയില്‍ കാണുന്നത്. ഈ രേഖ ബിഷപ് മാര്‍ ജേക്കബ്് മനത്തോടത്ത് മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഏല്‍പ്പിക്കുകയും മേജര്‍ ആര്‍ച്ചുബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് ഈ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും വ്യക്തമാക്കി

Update: 2019-03-19 06:04 GMT

കൊച്ചി:സീറോ മലബാര്‍ സഭ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ചമച്ച വ്യാജ രേഖയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍.എറണാകുളംഅങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയ ബിഷപ് ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് കൈമാറിയ ഒരു വ്യാജരേഖയാണ് പോലീസ് കേസിന് ആസ്പദം. സീറോമലബാര്‍ സഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് ഈ രേഖയില്‍ കാണുന്നത്. ഈ രേഖ ബിഷപ് മാര്‍ ജേക്കബ്് മനത്തോടത്ത് മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഏല്‍പ്പിക്കുകയും മേജര്‍ ആര്‍ച്ചുബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് ഈ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും വ്യക്തമാക്കി.

ഈ ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നമ്പര്‍ തന്നെ വ്യാജമാണെന്നും വ്യക്തമായി. ഇതോടെ മേജര്‍ ആര്‍ച്ചുബിഷപ്പിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികള്‍ ചമച്ച ഈ വ്യാജരേഖയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സീറോമലബാര്‍ സഭയ്ക്കും സഭാതലവനുമെതിരായി ചിലര്‍ നിരന്തരം ദുരുദ്ദേശത്തോടെ വ്യാജരേഖകളും വ്യാജവാര്‍ത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്.

ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തില്‍ നിന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുക എന്നതാണ്. ഫാ. പോള്‍ തേലക്കാട്ടാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് വ്യാജരേഖ നല്‍കിയതെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നുമുള്ളതാണ് സഭയുടെ നിലപാടെന്നും മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. 

Tags: