കമ്മീഷണര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: പോലിസുകാരനെതിരേ നടപടിയുണ്ടാവും

അന്വേഷണ റിപോര്‍ട്ട് െ്രെകംബ്രാഞ്ച് എസ്പിക്ക് കൈമാറി

Update: 2019-01-11 11:58 GMT

കോഴിക്കോട്: ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമസംഭവങ്ങളില്‍ സിറ്റി പോലിസ് കമ്മീഷണറെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പോലിസുകാരനെതിരേ അച്ചടക്കനടപടിയുണ്ടാവും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിപോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്പിക്ക് കൈമാറി. രണ്ടുദിവസത്തിന് ശേഷം അന്വേഷണ റിപോര്‍ട്ടിന്‍മേല്‍ നടപടിയുണ്ടാവുമെന്നാണ് സൂചന. ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ കമ്മീഷണര്‍ പൂര്‍ണപരാജയമാണെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരുസംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ ദുര്‍ബലമായിരുന്നു കമ്മീഷണര്‍ ഒരുക്കിയ ബന്തവസ് എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം തടയുന്നതിന് കോഴിക്കോട്ടൊരുക്കിയ ക്രമീകരണം പാളിപ്പോയെന്ന് സേനയ്ക്കുള്ളില്‍തന്നെയും ചര്‍ച്ചകളുയര്‍ന്നിരുന്നു. തുടര്‍ന്നാണ് സിറ്റിപോലിസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ ഐപിഎസിനെ ആഭ്യന്തരവകുപ്പ് അടിയന്തരമായി സ്ഥലംമാറ്റിയത്. ഫേസ്ബുക്ക് പോസ്റ്റിട്ട പോലിസുകാരന്‍ ജോലി ചെയ്യുന്നത് ക്രൈംബ്രാഞ്ചിലായതിനാല്‍ ക്രൈംബ്രാഞ്ച് എസ്പിയായിരിക്കും റിപോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കുക. പോലിസ് ആസ്ഥാനത്ത് ഡിഐജി ആയി ജോലി ചെയ്തിരുന്ന കെ സഞ്ജയ്കുമാര്‍ ഗുരുദിന്‍ ഐപിഎസാണ് പുതിയ കോഴക്കോട് സിറ്റി പോലിസ് കമ്മീഷണര്‍.


Tags: