കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന്; ഹൈക്കോടതിയില്‍ ഹരജി നല്‍കി എം സ്വരാജ്

ജനപ്രതിനിധ്യ നിയമം ലംഘിച്ച് മതത്തെ ഉപയോഗിച്ചു യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു വോട്ടു തേടിയെന്നു തൃപ്പൂണിത്തുറ മണ്ഡലത്തിലെ മുന്‍ എംഎല്‍എയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന എം സ്വരാജ് ഹരജിയില്‍ പറയുന്നു.

Update: 2021-06-15 16:17 GMT

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ എംഎല്‍എ എം സ്വരാജ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ജനപ്രതിനിധ്യ നിയമം ലംഘിച്ച് മതത്തെ ഉപയോഗിച്ചു യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു വോട്ടു തേടിയെന്നു ഹരജിയില്‍ പറയുന്നു.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ശബരിമല അയ്യപ്പനെയും , മതത്തെയും ,വിശ്വാസത്തെയും കെ ബാബു ദുരുപയോഗം ചെയ്തതായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന്റെ ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളും ഹര്‍ജി ക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്‌വോട്ടര്‍ന്മാര്‍ക്ക് വിതരണം ചെയ്ത സ്ലിപ്പാണ് ഇതില്‍ ഒന്ന്.

അയ്യപ്പന് ഒരു വോട്ട് എന്ന് രേഖപ്പെടുത്തിയ സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും, കെ ബാബുവിനെ പേരും, കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയില്‍ ആവശ്യപ്പെടുന്നു. അഭിഭാഷകരായ പി കെ വര്‍ഗ്ഗീസ്, കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.

Tags: