ബൈക്കിലെത്തി സ്ത്രീകളുടെ പണവും മൊബൈല്‍ഫോണും മോഷ്ടിക്കുന്ന പ്രതികള്‍ പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ തോപ്പുംപടി സ്വദേശി മന്‍സൂര്‍(20), ആലപ്പുഴ തിരുവമ്പാടി സ്വദേശി ഷുഹൈബ് (21), മരട് സ്വദേശി ആദര്‍ശ്(20) എന്നിവരെയാണ് മരട് പോലിസ് അറസ്റ്റു ചെയ്തത്

Update: 2021-02-25 07:45 GMT

കൊച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ പണമടങ്ങുന്ന പേഴ്സും മൊബൈല്‍ ഫോണും തട്ടിപ്പറിക്കുന്ന സംഘത്തിലെ മൂന്നു പേര്‍ പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ തോപ്പുംപടി സ്വദേശി മന്‍സൂര്‍(20), ആലപ്പുഴ തിരുവമ്പാടി സ്വദേശി ഷുഹൈബ് (21), മരട് സ്വദേശി ആദര്‍ശ്(20) എന്നിവരെയാണ് മരട് പോലിസ് അറസ്റ്റു ചെയ്തത്.മരട് ഗാന്ധിസ്‌ക്വയറിനു സമീപത്തെ ഇരുമ്പു പാലത്തിനു സമീപത്തു വെച്ച് വഴിയാത്രക്കാരിയായ സ്ത്രീയുടെ പേഴ്സും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് തട്ടിപ്പറിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ബൈക്കില്‍ കറങ്ങി നടന്ന് ഒറ്റക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളെ ലക്ഷ്യം വെച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.മരട് പോലിസ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് ചന്ദ്രന്‍, മരട് എസ് ഐ റെനീഷ്, എഎസ്‌ഐ രാജീവ്നാഥ്, സിപിഒമാരായ അരുണ്‍രാജ്, വി വിനോദ്, ജോസി, അനില്‍കുമാര്‍, ഹരികുമാര്‍, റെജി എന്നിവരുടെ നേൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: