കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ; യുവതി പോലിസ് പിടിയില്‍

പാലാരിവട്ടം സ്വദേശിനി നീതു(33)നെയാണ് പാലാരിവട്ടം പോലിസ് അറസ്റ്റു ചെയ്തത്.പാലാരിവട്ടത്തെ വ്യാപാരിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റു ചെയ്തത്.ഇതു കൂടാതെ 20 ഓളം പേരുടെ പരാതികൂടി ഇവര്‍ക്കെതിരെ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു

Update: 2022-04-28 16:58 GMT

കൊച്ചി: കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ വാഗ്ദാനം നല്‍കിയ വ്യാപകമായി തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍.രണ്ടു ശതമാനം പലിശ വരുന്ന ലോണ്‍ വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പാലാരിവട്ടം സ്വദേശിനി നീതു(33)നെയാണ് പാലാരിവട്ടം പോലിസ് അറസ്റ്റു ചെയ്തത്.

പാലാരിവട്ടം ഭാഗങ്ങളില്‍ ഗ്രൂപ്പു ലോണുകളുടെ കളക്ഷന്‍ ഏജന്റായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് ആളുകളുടെ വിശ്വാസം നേടിയെടുത്തിരുന്നു.ഇത് മുതലെടുത്ത് ഇവര്‍ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപയ്ക്ക് 50,000 രൂപ നിരക്കില്‍ പ്രോസസിംഗ് ഫീ അക്കൗണ്ട് വഴിയും നേരിട്ടും പലരില്‍ നിന്നായി പണം കൈപ്പറ്റിയതിനു ശേഷം ലോണ്‍ നല്‍കാതെ ഇവര്‍ ആളുകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പാലാരിവട്ടത്തെ വ്യാപാരിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റു ചെയ്തത്.ഇതു കൂടാതെ 20 ഓളം പേരുടെ പരാതികൂടി ഇവര്‍ക്കെതിരെ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു.സിബില്‍ സ്‌കോര്‍ കുറവുള്ള ആളുകളെ സമീപിച്ച് നൂലാമാലകള്‍ ഇല്ലാതെ എളുപ്പത്തില്‍ ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് ഇവരുടെ രീതിയെന്ന് പോലിസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Tags:    

Similar News