വ്യവസായ വളര്‍ച്ചക്ക് സംരംഭകരും സര്‍ക്കാരും കൈകോര്‍ക്കും : മന്ത്രി പി രാജീവ്

രാജ്യത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. അതിന് എന്തെങ്കിലും തടസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ പരിഹരിക്കാനുമുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണ്.ചില കാര്യങ്ങളില്‍ മാധ്യമങ്ങളുടെ ഉള്‍പ്പെടെ മനോഭാവം മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു

Update: 2021-07-15 16:17 GMT

കൊച്ചി:സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചക്ക് സംരംഭകര്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണെന്നും മന്ത്രി പി രാജീവ്.കുസാറ്റില്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്കും ബോള്‍ഗാട്ടി പാലസില്‍ സംരംഭകരുമായുള്ള മുഖാമുഖത്തിനും ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട് പരിപാടികളിലുമായി വ്യവസായ രംഗവുമായി ബന്ധപ്പെട്ടവരുമായി മികച്ച ആശയവിനിമയമാണുണ്ടായത്. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലതും ശ്രദ്ധയില്‍പ്പെടുത്തിയതോടൊപ്പം സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളില്‍ സംരംഭകര്‍ പൂര്‍ണ്ണ തൃപ്തിയും പിന്തുണയും അറിയിച്ചതായും മന്ത്രി പറഞ്ഞു.വ്യവസായ പരാതി പരിഹാരസംവിധാനം, ഭൂമിയേറ്റെടുക്കല്‍ നയ ഏകീകരണം, കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കല്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ സംരംഭകരില്‍ നിന്നുള്ള അഭിപ്രായം തേടി. രാജ്യത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. അതിന് എന്തെങ്കിലും തടസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ പരിഹരിക്കാനുമുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണ്.

ചില കാര്യങ്ങളില്‍ മാധ്യമങ്ങളുടെ ഉള്‍പ്പെടെ മനോഭാവം മാറേണ്ടതുണ്ട്. തെലുങ്കാന വിമാനമയച്ച് വ്യവസായി കൊണ്ടുപോയതു പോലെ ഇവിടേക്ക് ഒരു വ്യവസായി കൊണ്ടുവരികയാണെങ്കില്‍ അത് വലിയ മാധ്യമ ചര്‍ച്ചയായി മാറും. ഭൂമിയേററ്റെടുക്കലിനും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രശ്‌നങ്ങളുണ്ട്. ഇവിടെ മൂന്നേക്കര്‍ ഭൂമിയേറ്റെടുക്കാന്‍ നാന്നൂറ് പേരുമായെങ്കിലും ധാരണയുണ്ടാക്കണം. യുപി പോലുള്ള സംസ്ഥാനങ്ങളില്‍ അയ്യായിരം ഏക്കര്‍ ഏറ്റെടുക്കാന്‍ ഒരു ഉടമയുമായി ധാരണയിലെത്തിയാല്‍ മതി. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പാലിച്ച് വ്യവസായം നടത്താന്‍ ആര്‍ക്കും തടസങ്ങളുണ്ടാകില്ല. നിയമങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താം. നിയമങ്ങള്‍ ബാധകമല്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Tags: