മലയാറ്റൂര്‍ പാറമട സ്‌ഫോടനം: രണ്ടു പേര്‍ പിടിയില്‍

പാറമടയുടെ മാനേജരില്‍ ഒരാളായ രഞ്ജിത് (32), എക്‌സ്‌പ്ലൊസിവ് വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്ന സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാറമടക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ (36), തമിഴ്നാട് സ്വദേശി പെരിയണ്ണന്‍ (38) എന്നിവര്‍ മരിച്ചിരുന്നു

Update: 2020-09-26 12:56 GMT

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. പാറമടയുടെ മാനേജരില്‍ ഒരാളായ രഞ്ജിത് (32), എക്‌സ്‌പ്ലൊസിവ് വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്ന സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാറമടക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ (36), തമിഴ്നാട് സ്വദേശി പെരിയണ്ണന്‍ (38) എന്നിവര്‍ മരിച്ചിരുന്നു.മരിച്ച രണ്ട് പേരും കെട്ടിടത്തില്‍ ക്വാറന്റൈനിലായിരന്നു.

തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നിര്‍ദ്ദേശാനുസരണം പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം കൊച്ചി റേഞ്ച് ഡിഐജി എസ് കാളിരാജ് മഹേഷ് കുമാര്‍, എസ്പി കെ. കാര്‍ത്തിക് എന്നിവര്‍ പാറമടയും പരിസരവും സന്ദര്‍ശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ പാറമടകളില്‍ പരിശോധന തുടരുകയാണ്. കാലടി എസ്എച്ച്ഒ എം ബി ലത്തീഫ് , എസ്‌ഐ മാരായ സ്റ്റെപ്‌റ്റോ ജോണ്‍, കെ പി ജോണി, എഎസ്.ഐ മാരായ സത്താര്‍, ജോഷി തോമസ്, സിപിഒ മാരായ മനോജ്, മാഹിന്‍ ഷാ എന്നിവരാണ് പ്രതികളെ പിടിക്കാന്‍ പോലിസ് ടീമിലുണ്ടായിരുന്നത്.

പാറമടയിലെ സ്‌ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടറും ഉത്തരവിട്ടിരുന്നു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. തഹസീല്‍ദാരുടെ പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സ്പ്ളോസീവ്സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം.അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതില്‍ ക്വാറി ഉടമസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുത്തേന്‍ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മഴയെത്തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Tags:    

Similar News