'ലഹരിയല്ല ജീവിതം' ; മയക്ക് മരുന്നുപയോഗത്തിനെതിരെ സന്ദേശഗാനവുമായി എറണാകുളം ആരോഗ്യവകുപ്പ്

ലഹരി വസ്തുക്കള്‍ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

Update: 2021-06-26 06:27 GMT

കൊച്ചി: മയക്കുമരുന്നിന്റെ ഉപയോഗത്തിനും കൈമാറ്റങ്ങള്‍ക്കുമെതിരെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ആരോഗ്യ വകുപ്പ് സന്ദേശഗാനം പുറത്തിറക്കി. ലഹരി വസ്തുക്കള്‍ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. 'ലഹരിയല്ല ജീവിതം ജീവിതം ലഹരിയെ' എന്ന ഗാനം ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബോധവല്‍ക്കരിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

അമ്മയുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ലഹരിക്ക് അടിമപ്പെടാതിരിക്കാം. ലഹരിക്കല്ല മറിച്ച് കുടുബത്തിനോടുള്ള സ്‌നേഹത്തിനോടാണ് നാം അടിമപ്പെടേണ്ടത്.രാജ്യത്തിനോടുള്ള കടമകള്‍ക്ക് അടിമപ്പെടാം.ഒരുമയോടെ നമുക്കതു നിറവേറ്റാം എന്നതാണ് ഈ പാട്ടിന്റെ സന്ദേശം. മാസ്സ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഗാനം രചിച്ചിരിക്കുന്നത് വിഷ്ണു പള്ളിയാളിയാണ്. സംഗീത സംവിധാനം, ആലാപനം എന്‍ സി റോഷന്‍.ലഹരിവസ്തുക്കളെക്കുറിച്ചുള്ള വസ്തുതകള്‍ പങ്കുവയ്ക്കാം, ജീവന്‍ രക്ഷിക്കാം എന്നതാണ് ഇത്തവണ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വിവരങ്ങള്‍ കൈമാറുക എന്നതാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags: