എടത്തലയില്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ തെറിച്ചു വീണ സംഭവം:ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറര്‍ക്കും എടത്തല പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശം നല്‍കി

Update: 2022-09-02 10:47 GMT

കൊച്ചി: എടത്തലയില്‍ എല്‍കെജി വിദ്യാര്‍ഥിനി സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ തെറിച്ചു വീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറര്‍ക്കും എടത്തല പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശം നല്‍കി.ഇന്നലെ വൈകുന്നേരം മൂന്നിന് എടത്തല പേങ്ങാട്ടുശ്ശേരിയിലാണ് സംഭവം നടന്നത്. പേങ്ങാട്ടുശ്ശേരി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് സ്‌കൂള്‍ ബസിലെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്ക് വീണത്.

എതിരെ വന്ന ബസ് പെട്ടെന്നു നിര്‍ത്തിയതിനാല്‍ അപകടമൊഴിവാകുകയായിരുന്നു. എന്നാല്‍ ബസില്‍ നിന്ന് തെറിച്ചു വീണ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതരോ ബസ് ജീവനക്കാരോ തയ്യാറായില്ല എന്നാരോപിച്ച് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ എടത്തല പോലിസില്‍ പരാതി നല്‍കി. വീട്ടിലെത്തിയ ശേഷം കുട്ടി ശരീരാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു.

വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാര്‍ തയ്യാറായില്ല എന്നാരോപണമുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്‌കൂള്‍ ബസുകളില്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകളെയും അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെയും സംബന്ധിച്ചു സ്‌കൂള്‍ അധികൃതരുമായി യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News