ഇടപ്പള്ളി കുന്നുംപുറത്ത് നാലു നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

താഴെ വസ്ത്രവ്യാപാര ശാലയും മുകളില്‍ ലോഡ്ജുമായി പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിനാണ് രാവിലെ തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പുറത്തെത്തിച്ചു

Update: 2021-11-30 04:54 GMT

കൊച്ചി: എറണാകുളം ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം.രണ്ടു പേര്‍ക്ക് പരിക്കേറ്റു.തീപിടിക്കുന്നത് കണ്ട് രക്ഷപെടാനായ ജനലിലൂടെ പുറത്തേയ്ക്ക് ചാടുന്നതിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെ വസ്ത്രവ്യാപാര ശാലയും മുകളില്‍ ലോഡ്ജുമായി പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിനാണ് രാവിലെ തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പുറത്തെത്തിച്ചു. സ്ത്രീകളടക്കമുള്ളവര്‍ കെട്ടിടത്തിലുണ്ടായിരുന്നു.കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്.പെട്ടന്നത് തന്നെ നാല് നിലകളിലേക്കും തീപടര്‍ന്നു. ഈ സമയം ഇത് വഴി വാഹനത്തില്‍ പോകുകയായിരുന്നു കെഎസ് ഇബി ഉദ്യോഗസ്ഥന്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പെട്ടന്ന് തന്നെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.തുടര്‍ന്ന് കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിച്ച് പ്രധാന വൈദ്യുതി ലൈന്‍ ഓഫ് ചെയ്തു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.

Tags:    

Similar News