ഓണത്തിന് പൂക്കളമൊരുക്കാന്‍ ചേന്ദമംഗലത്തിന്റെ സ്വന്തം ചെണ്ടുമല്ലി പൂക്കള്‍

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പൂക്കൃഷി.പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി പതിനായിരത്തോളം തൈകളാണ് കൃഷിഭവന്‍ ഹരിത ഇക്കോ ഷോപ്പ് വഴി നല്‍കിയത്. ഓണക്കാലത്ത് ചേന്ദമംഗലം പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്തുന്നതിന് ആവശ്യമുള്ള ഏകദേശം നാല് ടണ്‍ വരെ പൂക്കള്‍ പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Update: 2020-08-20 09:49 GMT

കൊച്ചി: ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കള്‍ക്കായി ചേന്ദമംഗലത്തുകാര്‍ക്ക് ഇനി മറുനാട്ടുകാരെ ആശ്രയിക്കേണ്ട. നാടിന് വേണ്ട പൂക്കള്‍ കൃഷി ചെയ്ത് അവര്‍ സ്വയം പര്യാപ്തരായി മാറിക്കഴിഞ്ഞു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പൂക്കൃഷി.പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി പതിനായിരത്തോളം തൈകളാണ് കൃഷിഭവന്‍ ഹരിത ഇക്കോ ഷോപ്പ് വഴി നല്‍കിയത്. പദ്ധതി പ്രകാരം തൈകളും ജൈവവളവും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു.

കൊവിഡ് ഭീതിയും മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയഭീതിയും ജനങ്ങളെ പിന്നോട്ട് വലിച്ചെങ്കിലും ലോക്ഡൗണ്‍ കാലം അവര്‍ നന്നായി പ്രയോജനപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിന്റെ ഗ്രീന്‍ ചലഞ്ച് പദ്ധതിയില്‍ പച്ചക്കറി കൃഷി ചെയ്ത് കിട്ടിയ ആത്മവിശ്വാസം ജനങ്ങള്‍ക്ക് പുഷ്പ കൃഷിചെയ്യാന്‍ കരുത്ത് പകര്‍ന്നു. ഇന്ന് പഞ്ചയത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ചെണ്ടുമല്ലി പൂക്കള്‍ വിളവെടുക്കാന്‍ പാകമായി നില്‍ക്കുകയാണ്. കൊവിഡ് മഹാമാരി നാടിനെ ഉലയ്ക്കുമ്പോഴും ഈ പൂക്കള്‍ കാണുമ്പോഴുള്ള സന്തോഷത്തിലാണ് ചേന്ദമംഗലം നിവാസികള്‍. പഞ്ചായത്തിലെ തരിശായി കിടന്ന സ്ഥലങ്ങളിലും വീട്ടുമുറ്റത്തും ടെറസിലുമായി ചെയ്ത കൃഷി വന്‍ വിജയമായി മുന്നേറുകയാണ്.


ഓണക്കാലത്ത് ചേന്ദമംഗലം പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്തുന്നതിന് ആവശ്യമുള്ള ഏകദേശം നാല് ടണ്‍ വരെ പൂക്കള്‍ പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി ജി അനൂപ് നിര്‍വ്വഹിച്ചു. തെക്കുമ്പുറം ചിറപ്പുറത്ത് ബൈജുവിന്റെ കൃഷിയിടത്തിലായിരുന്നു ഉദ്ഘാടനം.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത സ്റ്റാലിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ബബിത ദിലീപ്, റിനു ഗിലീഷ്, രശ്മി അജിത്കുമാര്‍, കൃഷി ഓഫീസര്‍ പി സി ആതിര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി ജി ജിഷ , കൃഷി അസിസ്റ്റന്റ് എ ജെ സിജി പങ്കെടുത്തു. ___

Tags:    

Similar News