വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍ വ്യാപകം;കര്‍ശന നടപടികളുമായി പോലിസ്

ഇത്തരത്തിലുള്ള ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും എറണകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു

Update: 2022-07-24 09:23 GMT

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ വ്യാജ വിസ നല്‍കി കബളിപ്പിച്ച് പണം തട്ടല്‍ വ്യാപകമാകുന്നുവെന്ന് പോലിസ്.ഇത്തരത്തിലുള്ള ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും എറണകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.

പ്രായകൂടുതല്‍ ഉള്ളവര്‍ക്കും, ഐഇഎല്‍റ്റിഎസ് ഇല്ലാത്തവര്‍ക്കും കാനഡയില്‍ കാര്‍ഷിക മേഖലയിലും, ഹോട്ടല്‍ രംഗത്തും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ മൂവാറ്റുപുഴ കെഎസ്ആര്‍ടിസിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ മൂവാറ്റുപുഴ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുപത്തി നാലോളം ഉദ്യോഗാര്‍ഥികളില്‍ നിന്നായി ഏകദേശം 45 ലക്ഷം രൂപ കബളിപ്പിച്ചെടുത്തെന്നാണ് പരാതി.

സമാനമായ രീതിയില്‍ കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് വരാപ്പുഴയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുറോപ്യന്‍ രാജ്യങ്ങളിലും മറ്റും ജോലി വാഗ്ദാനം കൂടാതെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍ വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കി കബളിപ്പിക്കുന്നവരുമുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടന്നു വരികയാണെന്നും എറണകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.

Tags: