ലേഡിസ് ഹോസ്റ്റലിലെ താമസക്കാരിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതി വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ കേസിലും അറസ്റ്റില്‍

കോട്ടയം മീനച്ചില്‍, ലാലം, പായ്പാര്‍ കീച്ചേരി വീട്ടില്‍ സന്തോഷ് (26) ആണ് എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്

Update: 2021-01-01 15:45 GMT

കൊച്ചി: എറണാകുളം പിയോളി ലൈനിലെ ലേഡീസ് ഹോസ്റ്റലില്‍ നിന്നും താമസക്കാരിയുടെ മൊബൈല്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റ് ചെയ്ത പ്രതി വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിലും അറസ്റ്റില്‍ ആയി. കോട്ടയം മീനച്ചില്‍, ലാലം, പായ്പാര്‍ കീച്ചേരി വീട്ടില്‍ സന്തോഷ് (26) ആണ് എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്.

പുതുവല്‍സര ദിവസം രാത്രി ലേഡീസ് ഹോസ്റ്റലില്‍ മൊബൈല്‍ മോഷണം നടത്തുന്ന സമയം താമസക്കാരിയുടെ ശ്രദ്ധയില്‍ പെടുകയും, ഇവര്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചാടി ഓടി രക്ഷപെടുകയായിരുന്നു. മതില്‍ ചാടി രക്ഷപ്പെടുന്ന സമയം പ്രതിയുടെ കൈ വശത്തുനിന്നും ഇയാളുടെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളടങ്ങിയ പേഴ്‌സും, മോഷ്ടിച്ചെടുത്ത ഫോണും, മറ്റൊരു മൊബൈല്‍ ഫോണും സ്ഥലത്തു വീണു പോയിരുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ താമസക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രാത്രി തന്നെ പ്രതി പിടിയിലായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കൈ വശത്തുനിന്നും ഹോസ്റ്റല്‍ പരിസരത്ത് വീണ ഫോണില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച സെന്റ് ബെനഡിക്റ്റ് റോഡിലുള്ള വീട്ടമ്മയെയും മകളെയും അസഭ്യം പറയു കഴിയും അശ്ലീല ഭാഷണം നടത്തുകയും ചെയ്തതെന്നും, ഇയാളാണ് അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ചെയ്‌തെന്നും ബോധ്യപ്പെട്ടത്. യുവതിയുടെ പരാതിയില്‍ അജ്ഞാതനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരു കേസുകളിലേക്കും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍, സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍, സബ്ഇന്‍സ്‌പെക്ടര്‍ മാരായ വിപിന്‍ കുമാര്‍ കെ.ജി, തോമസ് കെ. എക്‌സ്, മധു, വിദ്യ, എ എസ് ഐ മാരായ ഗോപി, സന്തോഷ്, ജാക്ക്‌സണ്‍ എസ് സി പി ഒ റെജി, തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Tags: