ആലുവയിലെ നിയമവിദ്യാര്‍ഥിനിയുടെ ആത്മഹത്യ : അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി എസ്പി

നിലവില്‍ ഇന്‍സ്‌പെക്ടറെ കേസ് അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടുണ്ട്.കേസ് 304 ബി സെക്ഷന്‍ ഉളളതിനാല്‍ ആലുവ ഡിവൈഎസ്പിയാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.അന്വേഷണ റിപോര്‍ട്ട് വരുന്ന മുറയ്ക്ക് തുടര്‍ നടപടിയുണ്ടാകുമെന്നും എസ്പി പറഞ്ഞു.

Update: 2021-11-24 06:06 GMT

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായ മൊഫിയ പര്‍വീന്‍(21) ആത്മ ഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോയെന്നത് സംബന്ധിച്ച് പോലിസ് അന്വേഷണം നടത്തിവരികയാണെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നിലവില്‍ ഇന്‍സ്‌പെക്ടറെ കേസ് അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടുണ്ട്.കേസ് 304 ബി സെക്ഷന്‍ ഉളളതിനാല്‍ ആലുവ ഡിവൈഎസ്പിയാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.അന്വേഷണ റിപോര്‍ട്ട് വരുന്ന മുറയ്ക്ക് തുടര്‍ നടപടിയുണ്ടാകുമെന്നും എസ്പി പറഞ്ഞു. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ഇന്‍സ്‌പെക്ടര്‍ക്കെതിരെയുള്ള തുടര്‍ നടപടി തീരുമാനിക്കാന്‍ കഴിയുകയുള്ളൂവെന്നും എസ്പി പറഞ്ഞു.ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി തനിക്ക് ലഭിച്ച അന്നു തന്നെ തുടര്‍ നടപടിക്കായി ആലുവ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നുവെന്നും എസ്പി പറഞ്ഞു.

അതേ സമയം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സി ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

അതേ സമയം മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും മാതാപിതാക്കളെയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍,പിതാവ്,മാതാവ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.കോതമംഗലത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇവരെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

Tags: