കര്‍ദിനാളിനെതിരെ വൈദികര്‍ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു

വൈദികര്‍ സ്ഥിരം സിനഡുമായി ഇന്നലെയും ഇന്നുമായി നടന്ന ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്.വൈദികര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അടുത്ത മാസം ചേരുന്ന പൊതു സിനഡില്‍ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്

Update: 2019-07-20 08:34 GMT

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചുനല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് കര്‍ദിനാള്‍ വിരുദ്ധവിഭാഗം വൈദികര്‍ ബിഷപ് ഹൗസിനുള്ളില്‍ ആരംഭിച്ച ഉപവാസ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന സമരം വെള്ളിയാഴ്ചയും ഇന്നലെ രാവിലെ മുതലും സ്ഥിരം സിനഡുമായി നടന്ന ദീര്‍ഘമായ ചര്‍ച്ചയക്കൊടുവിലാണ് അവസാനിപ്പിച്ചതെന്ന് ഫാ.ജോസ് വൈലിക്കോടത്ത്, അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈദികര്‍ ഉന്നയിച്ച അഞ്ചു കാര്യങ്ങള്‍ അടുത്ത മാസം ചേരുന്ന പൊതു സിനഡില്‍ ചര്‍ച്ച ചെയ്ത് നീതിയുടെ പക്ഷം ചേര്‍ന്നുള്ള തിരുമാനനത്തിലെത്താമെന്ന ഉറപ്പാണ് സ്ഥിരം സിനഡിലെ മെത്രാന്‍മാര്‍ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.ആഗസ്തില്‍ ചേരുന്ന സിനഡിലാണ് തീരുമാനം ഉണ്ടാകുന്നത്.കര്‍ദിനാളിനെതിരെയുള്ള വ്യാജ രേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണം. ഇതിന്റെ പേരില്‍ പ്രകോപന പരമായ നടപടികള്‍ ഒഴിവക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് അഭ്യര്‍ഥക്കാമെന്ന് സ്ഥിരം സിനഡ് ഉറപ്പു നല്‍കി

.കേസ് അന്വേഷണത്തിന്റെ പേരില്‍ വൈദികരെയോ മെത്രാന്മാരെയോ ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്ന വൈദികരുടെ അഭ്യര്‍ഥന ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാമെന്ന് ഉറപ്പു ലഭിച്ചുവെന്നും ഇവര്‍ പറഞ്ഞു.സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ സസ്‌പെന്റു ചെയ്ത കാര്യത്തില്‍ അടുത്ത മാസം ചേരുന്ന പൊതു സിനഡില്‍ ചര്‍ച ചെയ്ത് തീരൂമാനമെടുക്കുമെന്ന് സ്ഥിരം സിനഡ് അംഗങ്ങള്‍ ഉറപ്പു നല്‍കി.മാര്‍പാപ്പയാണ് സഹായമെത്രാന്മാരെ സസ്‌പെന്റു ചെയ്തിരിക്കുന്നത്. അത് ചോദ്യം ചെയ്യാന്‍ കഴിയില്ല.എങ്കിലും കാനോനിക വിശദീകരണം തേടാതെയാണ് നടപടിയുണ്ടായത് എന്നത് വേദനിപ്പിക്കന്നതാണ്. ഈ വിഷയം സിനഡില്‍ ചര്‍ച ചെയ്ത് വത്തിക്കാനെ അറിയിക്കാമെന്നും ഉറപ്പു ലഭിച്ചു.

എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിഷയവുമായി ബന്ധപ്പെട്ട് മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാന് സമര്‍പ്പിച്ച റിപോര്‍ടിന്റെയും ഇഞ്ചോടി കമ്മീഷന്റെയും കെപിഎംജി റിപോര്‍ടിന്റെയും നിര്‍ദേശങ്ങള്‍ ഓഗസ്റ്റില്‍ ചേരുന്ന സിനഡിലേക്ക് നല്‍കുമെന്ന് വത്തിക്കാന്‍ പറഞ്ഞിട്ടുണ്ട്. ആ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സത്വര നടപടി ക്കൈക്കൊളളും. മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയിരിക്കുന്ന രേഖയില്‍ പറഞ്ഞിട്ടുള്ള ഭൂമിയിടപാടില്‍ വന്ന നഷ്ടം നികത്തണമെന്ന വിഷയങ്ങളും സിനഡില്‍ ചര്‍ച ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചു.അതിരൂപതയക്കായി പ്രത്യേക അധികാരമുള്ള സ്വതന്ത്ര അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപിനെ ഉടന്‍ നിയോഗിക്കണമെന്ന തങ്ങളുടെ ആവശ്യം പൊതു സിനഡിനോട് ശുപാര്‍ശ ചെയ്യാമെന്ന്് ഉറപ്പു ലഭിച്ചതായും ഇവര്‍ പറഞ്ഞു. ഈ ആവശ്യത്തില്‍ പൊതു സിനഡില്‍ കൃത്യമായ തീരുമാനമുണ്ടാകും.തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ ക്രിയാത്മക തീരുമാനം കൈക്കൊള്ളുമെന്ന ഉറപ്പു ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഫാ.ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ വൈദികര്‍ നടത്തി വരുന്ന ഉപവാസ സമരം അവസാനിപ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

വ്യാജ രേഖ കേസിന്റെ അന്വേഷണത്തില്‍ പോലിസ് അമിതാധികാരമാണ് ഉപയോഗിക്കുന്നതെന്ന് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.സ്ഥിരം സിനഡിന് വേണമെങ്കില്‍ അടിയന്തരമായി കേസന്വേഷണം അതിന്റെ സത്യത്തിലേക്ക് കൊണ്ടു പോകാന്‍ കഴിയും.നിലവിലെ അന്വേഷണം തൃപ്തികരമല്ല.അന്വേഷണത്തിനോട് തങ്ങള്‍ എതിരല്ല. പക്ഷേ സത്യം കണ്ടെത്താനായിരിക്കണം അന്വേഷണം നടത്തേണ്ടത്.അതിന് കേരള പോലിസിന് കഴിയുമെന്ന് തങ്ങള്‍ക്ക് തോന്നുന്നില്ല.മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിക്കണം. പോലിസ് അറസ്റ്റു ചെയ്ത ആദിത്യയക്കും വിഷ്ണു റോയിക്കും നേരെ പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ അമിത കൈയേറ്റം അപലപിക്കണം.വേറൊരു കേസും അന്വേഷിക്കാന്‍ ഇല്ലാത്ത പോലെ അന്വേഷണ സംഘം ഇവരുടെ സുഹൃത്തുക്കളുടെ പിന്നാലെ നടക്കുകയാണ്.പോലിസിന്റെ ഇത്തരം നടപടി ഇനിയും അനുവദിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യപെടുന്നതെന്നും ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.വൈദികരെ പ്രതിനിധീകരിച്ച് ഒമ്പത് വൈദികരും എട്ടു മെത്രാന്മാരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്..

Tags: