മകളെ വിളിക്കാനെത്തിയ പിതാവായ അധ്യാപകന് നേരേ പോലിസ് അതിക്രമം: ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-01-25 15:19 GMT

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ടുപോവാനെത്തിയ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ്‌ഐയ്ക്കും അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലിസിനുമെതിരേ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

പൂന്തുറ സെന്റ് തോമസ് സ്‌കൂളിലെ അധ്യാപകനായ ജാക്‌സന്‍, 2021 ഏപ്രില്‍ 22ന് താന്‍ നേരിട്ട അപമാനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ്‌ഐയും ഒരു പോലിസുകാരനും ചേര്‍ന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരേ മ്യൂസിയം പോലിസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. സിറ്റി പോലിസ് കമ്മീഷണറില്‍നിന്നും കമ്മീഷന്‍ റിപോര്‍ട്ട് വാങ്ങിയെങ്കിലും പോലിസ് നടപടിയെ ന്യായീകരിച്ചത് കാരണം റിപോര്‍ട്ട് കമ്മീഷന്‍ തള്ളി.

തുടര്‍ന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷിന്റെ സുരക്ഷാ ജോലിക്ക് നിയോഗിച്ചിരുന്ന പൂജപ്പുര ഗ്രേഡ് എസ്‌ഐയും സിപിഒയും പരാതിക്കാരനും തമ്മിലാണ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം റിപോര്‍ട്ടില്‍ പറഞ്ഞു. തുടര്‍ന്ന് എസ്‌ഐയുടെ നിര്‍ദേശാനുസരണം സ്ഥലത്തെത്തിയ മ്യൂസിയം എസ്‌ഐ പരാതിക്കാരന്റെ വാഹനത്തിന്റെ ആര്‍സി ബുക്ക് വാങ്ങിക്കൊണ്ടുപോയി. പരാതിക്കാരനെതിരേ മ്യൂസിയം പോലിസ് ക്രൈം 569/21 നമ്പറായി കേസുമെടുത്തു. ഈ കേസാണ് പുനരന്വേഷിക്കേണ്ടത്.

ഒപ്പം ഗ്രേഡ് എസ്‌ഐ യുടെ പ്രവൃത്തിയും അന്വേഷിക്കണം. പരാതിക്കാരന്‍ തന്റെ മകളെ വിളിക്കാനാണ് സ്ഥലത്തെത്തിയതെന്ന കാര്യം പോലിസിന് അറിവുണ്ടായിരുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. എസ്‌ഐയുടെ കൃത്യനിര്‍വഹണം പരാതിക്കാരന്‍ തടസ്സപ്പെടുത്തിയിട്ടില്ല. ഒരു തര്‍ക്കം മാത്രമാണ് ക്രൈം കേസിന് കാരണമായത്. തന്റെ മകള്‍ക്ക് മുന്നില്‍ വച്ച് ഗ്രേഡ് എസ്‌ഐ മോശമായി പെരുമാറിയത് പരാതിക്കാരന് മനോവിഷമത്തിന് കാരണമായിട്ടുണ്ട്. സ്‌കൂളിന് മുന്നിലുണ്ടായിരുന്ന രക്ഷകര്‍ത്താക്കള്‍ ഒരു ക്രിമിനല്‍ പ്രവര്‍ത്തിക്കും എത്തിയതല്ലെന്ന് എസ്‌ഐ മനസ്സിലാക്കണമായിരുന്നുവെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ കമ്മീഷന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

Tags:    

Similar News