ശബരിമല മേല്‍ശാന്തിമാര്‍ക്ക് വോട്ട് ചെയ്യാന്‍ സന്നിധാനത്ത് ബൂത്ത് വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

മേല്‍ശാന്തിമാരല്ല ഹരജിക്കാരെന്നും മുന്നാം കക്ഷിക്ക് വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവില്ലെന്നുമുള്ള തിരഞ്ഞടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇവര്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍മാരാണന്നും വേറൊരു മണ്ഡലത്തില്‍ വോട്ട് ചെയ്യാനാവില്ലന്നും കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് ഇവര്‍ക്ക് പരാതിയില്ലന്നും പോസ്റ്റല്‍ വോട്ടിന് അവകാശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി

Update: 2019-07-09 14:00 GMT

കൊച്ചി: ശബരിമല മേല്‍ശാന്തിമാര്‍ക്ക് വോട്ട് ചെയ്യാന്‍ സന്നിധാനത്ത് ബൂത്ത് ഒരുക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഹൈക്കോടതി തള്ളി. ശബരിമല മേല്‍ശാന്തിയും മാളികപ്പുറം മേല്‍ശാന്തിയും പുറപ്പെടാ ശാന്തിമാരാണെന്നും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നുമാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ ജനറല്‍ സെക്രട്ടറി ആത്മജ വര്‍മ്മ തമ്പുരാന്‍ സമര്‍പ്പിച്ച ഹരജിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്.മേല്‍ശാന്തിമാരല്ല ഹരജിക്കാരെന്നും മുന്നാം കക്ഷിക്ക് വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവില്ലെന്നുമുള്ള തിരഞ്ഞടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇവര്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍മാരാണന്നും വേറൊരു മണ്ഡലത്തില്‍ വോട്ട് ചെയ്യാനാവില്ലന്നും കോടതി വ്യക്തമാക്കി.

വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് ഇവര്‍ക്ക് പരാതിയില്ലന്നും പോസ്റ്റല്‍ വോട്ടിന് അവകാശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പ് കമ്മീഷന്‍, ചീഫ് സെക്രട്ടറി, പാലക്കാട്, ആലപ്പുഴ കലക്ടര്‍മാര്‍, തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി. ഇന്ത്യയില്‍ പുറപ്പെടാശാന്തി മതപരമായ അനുഷ്ഠാനമാണന്നും ശാന്തിമാരായി ചുമതലയേറ്റാല്‍ കാലാവധി കഴിയാതെ ക്ഷേത്രത്തില്‍ നിന്നു പുറത്തു പോകാനാവില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്തിലെ ഗീര്‍വനത്തിനടുത്തുള്ള ബനേജ് ക്ഷേത്രത്തില്‍ ശാന്തി മാര്‍ക്ക് വോട്ടിംഗ് സൗകര്യത്തിന് പ്രത്യേക പോളിംഗ് സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ടന്നും തിരുപ്പതിയിലും സൗകര്യമുണ്ടന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു.വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സംഘടന കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള അവകാശങ്ങള്‍ മാത്രമേ അനുവദിക്കാനാവു എന്ന കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു. 

Tags:    

Similar News