മദ്യലഹരിയില്‍ നടുറോഡില്‍ നൃത്തം ചവിട്ടി അപകടം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ലോറി ഡ്രൈവറായ എടാട്ട് സ്വദേശി കൂത്തൂര്‍ വീട്ടില്‍ ശശി (50) യെയാണ് പയ്യന്നൂര്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തത്.

Update: 2019-08-09 15:30 GMT

കണ്ണൂര്‍: മദ്യലഹരിയില്‍ നടുറോഡില്‍ നൃത്തം ചവിട്ടി വാഹനാപകടത്തിനിടയാക്കിയ മധ്യവയസ്‌കനെ പോലിസ് അറസ്റ്റുചെയ്തു. ലോറി ഡ്രൈവറായ എടാട്ട് സ്വദേശി കൂത്തൂര്‍ വീട്ടില്‍ ശശി (50) യെയാണ് പയ്യന്നൂര്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തത്. കഴിഞ്ഞ നാലിന് വൈകീട്ട് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലായിരുന്നു സംഭവം. ഇയാള്‍ മദ്യലഹരിയില്‍ നടുറോഡില്‍ നൃത്തംചവിട്ടിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ ബസ്സിനടിയില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പരാതിക്കാരില്ലാതിരുന്നതിനാല്‍ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതിനകം ലക്ഷങ്ങളാണ് ദൃശ്യം കണ്ടത്. ഇയാളുടെ നൃത്തത്തിനിടെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇയാളുടെ കൈയിടിച്ചു. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് പിന്നാലെ വരികയായിരുന്ന ബസ്സിനടിയിലേക്ക് വീണു. എന്നാല്‍, പിന്‍ടയറിനടിയില്‍പെടാതെ ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ബൈക്ക് യാത്രികരമായ കെ സാബുവിനെയും ഭാര്യ സിന്ധുവിനെയും സഹകരണ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

Tags:    

Similar News