ടാറില്‍ കുരുങ്ങി നായക്കുഞ്ഞുങ്ങള്‍; ദാരുണ കാഴ്ച

തള്ള നായ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് ദയനീയമായി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

Update: 2019-01-17 10:42 GMT

മലപ്പുറം: നഗരസഭാ കവാടത്തിലെ ഗ്രൗണ്ടില്‍ ടാറില്‍ കുരുങ്ങിയ നായക്കുഞ്ഞുങ്ങള്‍ കരളലിയിപ്പിക്കുന്നു. ടാര്‍ വീപ്പയില്‍ നിന്നു പൊട്ടിയൊലിച്ച ടാറില്‍ മുങ്ങിക്കളിച്ച് അനങ്ങാനാവാതെ എട്ട് നായക്കുഞ്ഞുങ്ങളാണ് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തിയത്. തള്ള നായ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് ദയനീയമായി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.ശബ്ദം കേട്ട് ആദ്യമെത്തിയത് പ്രദേശത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടായ്മ. വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരുമെത്തി. ചാനല്‍ പ്രവര്‍ത്തകര്‍ ടാര്‍ ശുചിയാക്കുവാനുള്ള ഓയില്‍ വാങ്ങി നല്‍കി. വിവരമറിഞ്ഞ് ഗവ. മൃഗാശുപത്രിയിലെ വനിതാ ഡോക്ടര്‍ വന്നെങ്കിലും കാര്യമായൊന്നും ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചതോടെ ഇവര്‍ സ്ഥലം വിടുകയായിരുന്നുവത്രേ. പിന്നീട് ഒരു ഓട്ടോ ഡ്രൈവറുടെ കൈയില്‍ കുറച്ച് മരുന്നും തുണിയും കൊടുത്തു വിടുകയായിരുന്നു.ഇത് സ്ഥലത്തെത്തിയവരുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കി. നഗരസഭ കവാടത്തിലായിട്ടും അധികാരികളും തിരിഞ്ഞു നോക്കിയില്ലെന്നു പരാതിയുണ്ട്. 20 ലക്ഷം രൂപ മുടക്കിയാണ് നഗരസഭ മൃഗാശുപത്രിയോട് ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് നായ സംരക്ഷണ കേന്ദ്രം തുറന്നത്.




Tags:    

Similar News