മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് അടിയേറ്റ് മരിച്ചു
മുത്തശ്ശിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ ഗോപകുമാര്‍ ശ്രീകുമാറിനെ വിറകു കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തലക്കടിയേറ്റു മരിച്ചു. കൊല്ലം കടയ്ക്കല്‍ ചേക്കില് പണയില്‍ വീട്ടില്‍ ശ്രീകുമാറാ(24)ണു മരിച്ചത്. ശനിയാഴ്ച രാത്രി 10ഓടെയാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകുമാറിന്റെ സുഹൃത്തും അയല്‍വാസിയുമായ ഗോപകുമാര്‍(34) പോലിസില്‍ കീഴടങ്ങി. തര്‍ക്കത്തിനിടെ വിറകു കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളുമായ ഇരുവരും ഒന്നിച്ചു മദ്യപിക്കുന്നത് പതിവായിരുന്നു. ശനിയാഴ്ച രാത്രി ഗോപകുമാറിന്റെ മുത്തശ്ശിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ ഗോപകുമാര്‍ ശ്രീകുമാറിനെ വിറകു കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്തിനാല്‍ ആരും സംഭവം അറിഞ്ഞില്ല. ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ കവലയിലെത്തി ഗോപകുമാര്‍ തന്നെ വിവരം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് പ്രദേശവാസികളും സംഭവമറിഞ്ഞത്. ഇതിനു പിന്നാലെ പ്രതി കടയ്ക്കല്‍ പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പോലിസ് ഗോപകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.