പൗരത്വ നിയമഭേദഗതി : പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

പ്രചരണം വാസ്തവവിരുദ്ധമാണ്. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ല

Update: 2020-01-13 09:15 GMT

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പോലിസ് നിര്‍ദ്ദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പരിപാടിയുടെ പ്രചാരണ വാഹനം എലത്തൂർ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേർന്ന് തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവർക്കെതിരേ പോലിസ് കേസെടുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഇത് പ്രാവർത്തികമാക്കിത്തുടങ്ങിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് ആഭ്യന്തര മന്ത്രികൂടിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോൾ പോലിസ് നടപടി ഏറെ വിവാദമായിരുന്നു.

ഇതിനു പിന്നാലെയാണ് ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഡിജിപി നിർദേശം നൽകിയെന്ന വാർത്തകൾ പുറത്തുവന്നത്. ജില്ലാ പോലിസ് മേധാവികൾ വയർലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിർദേശം കൈമാറിയെന്നായിരുന്നു വിവരം.

Tags:    

Similar News