എസ്എഫ്ഐയിൽ സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സിപിഎം

യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഒരാഴ്ച മുൻപ് പ്രതികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് കണ്ടെത്തി.

Update: 2019-07-19 13:33 GMT

തിരുവനന്തപുരം: എസ്എഫ്ഐ അടക്കമുള്ള സംഘടനകളില്‍ സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐക്കെതിരെ ഉയർന്ന പരാതികൾ പരിഗണിച്ച് തിരുത്തല്‍ നടപടി ശക്തമാക്കും. അപവാദങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

അതേസമയം, യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഒരാഴ്ച മുൻപ് പ്രതികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും രാവിലെയാണ് കോളജിൽ തെളിവെടുപ്പിനെത്തിച്ചത്. പ്രധാന കവാടത്തിനു സമീപം പ്രതികളെ ഇറക്കിയ ശേഷം സംഘർഷം നടന്ന സ്ഥലത്തു തെളിവെടുപ്പ് നടത്തി. പാർക്കിങ് ഗ്രൗണ്ടിനോടു ചേർന്നുള്ള ചവർ കൂനയ്ക്ക് സമീപം കുഴിച്ചിട്ട നിലയിൽ അക്രമത്തിനുപയോഗിച്ച കത്തി കണ്ടെത്തി. അക്രമത്തിനുപയോഗിച്ച ഇരുമ്പ് പൈപ്പും വടിയും ഇവിടെ നിന്ന് തന്നെ കണ്ടെടുത്തു. കൊലപാതകം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് വിലയിരുത്തലിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒളിവിലുള്ള ബാക്കി പത്ത് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Tags:    

Similar News