സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

മൃതദേഹം ഉച്ചയ്ക്കു 12 മണിവരെ വടകര ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും

Update: 2019-08-11 04:20 GMT

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറിയും എഴുത്തുകാരനുമായ എം കേളപ്പന്‍(74) അന്തരിച്ചു. വടകര സഹകരണ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കൗമാരകാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇദ്ദേഹം കിസാന്‍സഭ വഴിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. കേളപ്പന്‍ പണിക്കോട്ടി എന്ന പേരില്‍ നാടന്‍ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. വടക്കന്‍ പാട്ടിനെ ആസ്പദമാക്കി എഴുതിയ ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ പിന്നീട് സിനിമയായി. അമൃത സ്മരണകള്‍ എന്നാണ് ആത്മകഥയുടെ പേര്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റിയംഗം, ഏരിയാ സെക്രട്ടറി, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1975ല്‍ ജില്ലാകമ്മിറ്റി അംഗമായ ഇദ്ദേഹം 1991-2001 വരെ 10 വര്‍ഷം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. 22 വര്‍ഷത്തോളം വടകര നഗരസഭാ കൗണ്‍സിലറായിരുന്നു. കര്‍ഷകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം ഉച്ചയ്ക്കു 12 മണിവരെ വടകര ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.




Tags:    

Similar News