സ്വര്‍ണകടത്തില്‍ ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്ത് വരാതിരക്കാന്‍ ബിജെപി ശ്രമിക്കുന്നു: കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം

നയതന്ത്ര കാര്യാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2020-07-09 13:15 GMT

തിരുവനന്തപുരം: നയതന്ത്ര വഴിയിലൂടെ സ്വര്‍ണം കടത്തിയവരേയും അതിന് പിന്നലുള്ളവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്ന സമഗ്രമായ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സിപിഎം. കേസില്‍ ദുരൂഹത സൃഷ്ടിച്ച് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള അതീവ ഗൗരവമുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

സമഗ്രമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞിട്ടും കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. നയതന്ത്ര കാര്യാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയും പുകമുറ സൃഷ്ടിച്ച് സ്വര്‍ണകള്ളക്കടത്ത് എന്ന അടിസ്ഥാന പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധതിരിച്ചുവിടുന്നത് രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. കള്ളക്കടത്ത് സ്വര്‍ണം വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ച വ്യക്തി ബിഎംഎസ് നേതാവാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് വിളിച്ചതെന്ന ആരോപണം ഉന്നയിച്ചത്. കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവി യഥാര്‍ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതിനു കൂട്ടുനില്‍ക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും സിപിഎം ആരോപിച്ചു. 

Tags:    

Similar News