ആലപ്പുഴയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു;തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്ന് നിര്‍ദ്ദേശം

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടിയന്തരമായി തങ്ങളുടെ തൊട്ടടുത്തുള്ള പി എച്ച് സി യിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം. പോളിങ് ബൂത്തുകളില്‍ ബൂത്ത് ഏജന്റ് മാരായി പ്രവര്‍ത്തിച്ചവര്‍ അടിയന്തരമായി ടെസ്റ്റിന് വിധേയമാകണം

Update: 2021-04-08 04:04 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 10 ദിവസത്തിനിടെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന് ജില്ലാകലക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടിയന്തരമായി തങ്ങളുടെ തൊട്ടടുത്തുള്ള പി എച്ച് സി യിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം.കൂടാതെ പോളിങ് ബൂത്തുകളില്‍ ബൂത്ത് ഏജന്റ് മാരായി പ്രവര്‍ത്തിച്ചവര്‍ അടിയന്തരമായി ടെസ്റ്റിന് വിധേയമാകണം.

ടെസ്റ്റ് ഫലം വരുന്നതുവരെ മറ്റുള്ളവരുമായി അധികം ഇടപഴകാതിരിക്കണം. കൊവിഡ് പ്രോട്ടോകോള്‍ ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സാമൂഹിക അകലം പാലിക്കണം. പോലിസ് ഇത് സംബന്ധിച്ച പരിശോധന ശക്തമാക്കും. കടകമ്പോളങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരും നിര്‍ബന്ധമായും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വോളണ്ടിയര്‍മാര്‍ക്കായി വരുന്ന തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യും.ജില്ലയില്‍ 7 മൊബൈല്‍ ടെസ്റ്റ് യൂനിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News