കൊവിഡ് മൂന്നാം തരംഗം പ്രതിരോധം;എറണാകുളത്ത് വിപുലമായ പദ്ധതികള്‍

ശിശുരോഗ വിഭാഗത്തില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളില്‍ കൊവിഡ് പരിശോധന ശക്തമാക്കും

Update: 2021-06-14 16:30 GMT

കൊച്ചി: കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി എറണാകുളം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ വിപുലമായ രോഗപ്രതിരോധ പദ്ധതികള്‍ക്ക് രൂപം നല്‍കും. ശിശുരോഗ വിഭാഗത്തില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളില്‍ കൊവിഡ് പരിശോധന ശക്തമാക്കും.

അവശ്യസേവന വിഭാഗത്തില്‍ ഉള്ളവര്‍, കമ്പനി തൊഴിലാളികള്‍, വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രീകരിച്ചും പ്രത്യേക പരിശോധനകള്‍ നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് ഗണ്യമായി കുറയുന്നതായി യോഗം വിലയിരുത്തി.

കൊച്ചി നഗരസഭയിലെ എല്ലാ ഡിവിഷനുകളെയും കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ ഇടറോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന പോലിസ് ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്ന് മേയര്‍ എം അനില്‍കുമാര്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി ചൊവ്വാഴ്ച ഓണ്‍ലൈന്‍ യോഗം ചേരും. ജില്ലാ കലക്ടര്‍ എസ് സുഹാസ് അധ്യക്ഷത വഹിച്ചു.

Tags: