കൊവിഡ്: പ്രതിരോധ പ്രവര്‍ത്തനം വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുഡഎഫ് കണ്‍വീനറുടെ തുറന്ന കത്ത്

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍, പ്രതിപക്ഷം, ഡോക്ടര്‍മാരുടെ സംഘടനകള്‍, പകര്‍ച്ചവ്യാധികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധന്മാര്‍, സാമ്പത്തിക വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്ന് ബെന്നി ബഹനാന്‍ കത്തില്‍ ആവശ്യപ്പെടുന്നു

Update: 2020-07-31 12:10 GMT

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുഡഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ തുറന്ന കത്ത്.സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍, പ്രതിപക്ഷം, ഡോക്ടര്‍മാരുടെ സംഘടനകള്‍, പകര്‍ച്ചവ്യാധികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധന്മാര്‍, സാമ്പത്തിക വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്ന് ബെന്നി ബഹനാന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് 6 മാസം പൂര്‍ത്തിയായിരുന്നു. മെയ് മാസത്തിന്റെ തുടക്കത്തോടെ കൊവിഡ് എന്ന പകര്‍ച്ച വ്യാധിയെ കേരളം കീഴടക്കി എന്ന നിലവിലുള്ള ശക്തമായ പ്രചാരണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വരികയുണ്ടായി .ജനുവരി 30 മുതല്‍ മെയ് 2 വരെ കേരളത്തില്‍ 162 പേര്‍ക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിക്കുകയുണ്ടായത്. എന്നാല്‍ ജൂലൈ 28 ഓടെ, രോഗം സ്ഥിതീകരിക്കപ്പെട്ടവരുടെ എണ്ണം 20,894 ആയി കുത്തനെ ഉയര്‍ന്നുവെന്നും കത്തില്‍ ബെന്നി ബഹനാന്‍ പറയുന്നു.മെയ് 2 ന് വെറും 2 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടത് . എന്നാല്‍, ജൂലായ് 28 ന് മാത്രം കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടത് 1167 പേര്‍ക്കാണ്. കേരളത്തില്‍ ആദ്യത്തെ 1000 പേരില്‍ രോഗമെത്താന്‍ 118 ദിവസങ്ങളാണ് എടുത്തത് . രണ്ടാത്തെ 1000 പേരിലേക്ക് രോഗികളിലെത്താന്‍ 9 ദിവസവും,മൂന്നാമത്തെ 1000 പേരില്‍ രോഗമെത്താന്‍ വെറും 4 ദിവസവുമാണ് എടുത്തത്. എന്നാല്‍ പിന്നീട് കണ്ടത് ഒരൊറ്റ ദിവസം കൊണ്ട് രോഗം 1000ത്തിലധികം പേരിലെത്തി എന്നാണെന്നും യുഡിഎഫ് കണ്‍വീനര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലുള്ള ആകെ രോഗികളില്‍ 78.7% പേര്‍ക്കും (16,452) ജൂലായ് മാസത്തിലാണ് രോഗം ബാധിച്ചത് എന്നത്, തീവ്രമായ രോഗവ്യാപനമാണ് സൂചിപ്പിക്കുന്നത്.  വിദേശത്തു നിന്നും ഇത് വരെ കേരളത്തില്‍ എത്തിയ ദലക്ഷത്തിലധികം പേരില്‍, കേവലം 1.7% പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മറുഭാഗത്ത്, കേരളത്തില്‍ ആകെയുള്ള 20,894 രോഗികളില്‍ 56% പേര്‍ക്കും (11,756 പേര്‍ക്കും) രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കൊവിഡ് രോഗം കേരളത്തില്‍ കാട്ടുതീപോലെ പടരുകയാണ് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ബെന്നി ബഹനാന്‍ കത്തില്‍ പറയുന്നു.കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും കുത്തനെ കൂടുകയാണ്. ഇത് വരെ രോഗം ബാധിച്ച് മരിച്ച 67 പേരില്‍ 43 പേരും (64%) ജൂലായ് മാസത്തിലാണ് .മരിച്ച 67 പേരില്‍ 14 പേര്‍ക്കും (21 %) അനുബന്ധ രോഗങ്ങളില്ലായിരുന്നു എന്നത്, സ്ഥിതി അതിഗുരുതരമാണ് എന്നതിന്റെ സൂചനയാണ്.

ഉറവിടമാറിയാത്ത രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. സര്‍ക്കാര്‍ കണക്ക് പ്രസിദ്ധികരിച്ച് തുടങ്ങിയ ജൂലായ് 13 മുതല്‍ ജൂലായ് 28 വരെയുള്ള ദിവസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഉറവിടമാറിയാത്ത രോഗികളുടെ എണ്ണം 685 ആണ്. അതില്‍ 59% (407) പേര്‍ക്കും രോഗം ബാധിച്ച് കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ്. സമാന്തരമായി, ആരോഗ്യപ്രവത്തകര്‍ക്കിടലും കുത്തനെ രോഗംവ്യാപിച്ചുകൊണ്ടിരിക്കുന്നു. ജൂലായ് 1-28 കാലഘട്ടങ്ങളില്‍ 260 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത് ഇതില്‍ 61% (161) പേര്‍ക്കും രോഗം ബാധിച്ചത് കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ്. കൊവിഡ് രോഗികളുമായി ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, അല്ലാതെയുള്ള രോഗ ബാധിതരുമായി ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും രോഗം വ്യാപിക്കുന്നത്, വലിയ ആപത് സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ബെന്നി ബഹനാന്‍ കത്തില്‍ വ്യക്തമാക്കുന്നു.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ രോഗം കടിഞ്ഞാണില്ലാത്ത പടരുകയാണ്.

ജൂലായ് 13 നാണ് തീരപ്രദേശത്തെ 16 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി, റെഡ് കളര്‍ കോവിഡ് പ്രദേശങ്ങളായി പ്രഖ്യാപിച്ചത്.ഇപ്പോഴും അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ സ്ഥിതി സ്‌ഫോടനാത്മകമാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പ്രകാരം, തിരുവനന്തപുരം ജില്ലയില്‍ പരിശോധനക്ക് വിധേയമാകുന്ന 18 ല്‍ ഒരാള്‍ രോഗ ബാധിതനാണ് എന്ന് അങ്ങ് തന്നെ പറയുകയുണ്ടായല്ലോ ?. (സംസ്ഥാനത്ത് ഇത് 36 ല്‍ ഒരാള്‍ക്കാണ് ). തിരുവനന്തപുരത്തു മാത്രമല്ല, മറ്റ് ജില്ലകളിലും കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണം അപകടകരമാവിധം വര്‍ധിക്കുകയാണ് എന്നും ക്ലസ്റ്ററുകള്‍ക്കുള്ളിലെ രോഗവ്യാപനവും വര്‍ധിക്കുകയാണ് എന്ന് അങ്ങ് വ്യക്തമാക്കിയിരുന്നു.രോഗികളെ കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിപ്പിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. എന്നാല്‍ രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയുന്നു എന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. ഉദാഹരണത്തിന്, രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും, കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 10481 ടെസ്റ്റുകളാണ് നടന്നത്. ( അതായത് ഒരു ജില്ലയില്‍ ശരാശരി 750 ടെസ്റ്റുകള്‍ മാത്രം ). മറുഭാഗത്ത്, ടെസ്റ്റുകള്‍ക്ക് അയയ്ക്കുന്ന സാമ്പിളുകളില്‍ 35 മുതല്‍ 40 ശതമാനത്തോളം സാമ്പിളുകളുടെ ഫലം തിരികെ വരുന്നില്ല എന്നതും അപകടസൂചനയാണ്.

മുകളില്‍ സൂചിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അമ്പേ പരാജയപ്പെട്ടു എന്നതാണെന്നും ബെന്നി ബഹനാന്‍ എംപി ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. രോഗം ബാധിക്കാനിടയുള്ള വിഭാഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ സെന്റിനല്‍ സര്‍വയ്‌ലന്‍സ് ടെസ്റ്റിംഗുകളുടെ ഫലം പൂഴ്ത്തിവച്ചതാണ്, രോഗം കടിഞ്ഞാണില്ലാതെ വര്‍ധിക്കാനുള്ള ഏറ്റവും പ്രധാന കാരണം. ഈ 3 ടെസ്റ്റിംഗുകളുടെയും ഫലം പ്രഖ്യാപിക്കുകയും,അതിനനുസൃതമായി റിസ്‌ക് ഗ്രൂപ്പുകള്‍ക്കിടയില്‍ രോഗവ്യാപനത്തിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്തി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരിന്നുവെങ്കില്‍,ഇന്ന് സംസ്ഥാനം നേരിടുന്നത് പോലെയുള്ള അതീവ ഗുരുതര സാഹചര്യം ഉരുത്തിരിയുകകയില്ലായിരുന്നു.

ഈ പശ്ചാത്തലത്തില്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ മാത്രം നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍, സാഹചര്യം ഇനിയും കൂടുതല്‍ വഷളാവുകയും രോഗവ്യാപനം നിയന്ത്രണാതീതമാകുകയും ചെയ്യും.അതുകൊണ്ട് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍, സര്‍ക്കാര്‍, പ്രതിപക്ഷം, ഡോക്ടര്‍മാരുടെ സംഘടനകള്‍, പൊതുജനാരോഗ്യരംഗത്തെ വിദഗ്ദ്ധര്‍, പൊതുജനാരോഗ്യവുവമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിലും അന്താരാഷ്ട്ര സംഘടനകളിലുമൊക്കെ പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍, സാമ്പത്തിക വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു വിശാല വേദി അടിയന്തിരമായി രൂപീകരിക്കണം എന്നഭ്യര്‍ത്ഥിക്കുന്നുവെന്നും ബെന്നി ബെഹനാന്‍ കത്തില്‍ പറയുന്നു.

ഇതോടൊപ്പം, ഈ വേദിക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതിനായുള്ള വര്‍ക്കിങ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ഒരു പൊതുജനാരോഗ്യ കമ്മീഷന്‍ രൂപീകരിക്കണം എന്നും അഭ്യര്‍ഥിക്കുന്നു. കൂടാതെ ഈ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനാവശ്യമായ പരിഹാരങ്ങളിലേക്ക് എത്തിച്ചേരുന്നതിലേക്കുള്ള പഠനങ്ങള്‍ നടത്തുന്നതിനായി രോഗം, ടെസ്റ്റിന്റെ ഫലങ്ങള്‍, എന്നിവ സംബന്ധിച്ച എല്ലാ സ്ഥിതിവിവരക്കണക്കുകളും പൊതുജനത്തിന് ലഭ്യമാക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും യുഡിഎഫ് കണ്‍വീനര്‍ കത്തില്‍ പറയുന്നു.

Tags:    

Similar News