കൊവിഡ് പ്രതിരോധം പോലിസിനെ ഏല്‍പ്പിച്ചത് അശാസ്ത്രീയം; പോലിസ് രാജിലേക്ക് നയിക്കും: യുഡിഎഫ് കണ്‍വീനര്‍

പകര്‍ച്ച വ്യാധിയെ നേരിടാന്‍ ലോകത്തെവിടെയും നേതൃത്വം കൊടുക്കുന്നത് ആരോഗ്യ വിദഗ്ദ്ധരും ആരോഗ്യ സംഘടനകളും ദുരന്തനിവാരണ സമിതികളുമാണ്. ഇവരെയെല്ലാം അകറ്റി നിര്‍ത്തി കേരളത്തില്‍ പരിപൂര്‍ണമായി പോലിസിന്റെ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ ആരാണ് തീരുമാനം എടുത്തത്. മന്ത്രിസഭാ യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

Update: 2020-08-04 12:56 GMT

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലിസിനെ ഏല്‍പ്പിച്ച നടപടി അശാസ്ത്രീയവും അസംബന്ധവുമാണെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി. മുഖ്യമന്ത്രിയുടെ തീരുമാനം സംസ്ഥാനത്തെ പോലിസ് രാജിലേക്ക് നയിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കേരളത്തില്‍ 25,000ത്തോളം രോഗികള്‍ ഉള്ളതില്‍ 750ഓളം പേരുടെ ഉറവിടം അറിയില്ല.174 ഓളം ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. ഇവയില്‍ ഭൂരിഭാഗവും തീരദേശ മേഖല പോലെ ദുര്‍ബല ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. മരിച്ച 39 പേരുടെ മരണം കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു.

പകര്‍ച്ച വ്യാധിയെ നേരിടാന്‍ ലോകത്തെവിടെയും നേതൃത്വം കൊടുക്കുന്നത് ആരോഗ്യ വിദഗ്ദ്ധരും ആരോഗ്യ സംഘടനകളും ദുരന്തനിവാരണ സമിതികളുമാണ്. ഇവരെയെല്ലാം അകറ്റി നിര്‍ത്തി കേരളത്തില്‍ പരിപൂര്‍ണമായി പോലിസിന്റെ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ ആരാണ് തീരുമാനം എടുത്തത്. മന്ത്രിസഭാ യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരോഗ്യ, റവന്യു മന്ത്രിമാരോട് കൂടിയാലോചിച്ചിട്ടാണോ മുഖ്യമന്ത്രി തീരുമാനം എടുത്തതെന്നും വ്യക്തമാക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.കേരളത്തില്‍ നൂറിലധികം പോലിസുകാര്‍ കൊവിഡ് ബാധിതരായി. ഐ ടി ബി പി യിലെ അന്‍പതോളം പോലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചു.ഡി ജി പിയുടെ ഓഫിസില്‍ പോലും കൊവി

ഡ് ബാധയുണ്ടായി. പോലിസ് ആസ്ഥാനം പോലും അടച്ചിടേണ്ടി വന്നു. പൂര്‍ണമായും പോലിസ് നിയന്ത്രണത്തിലായിരുന്ന ഇത്തരം മേഖലകളില്‍ പോലും കൊവിഡ് ബാധിച്ചു. ഇത് മറ്റാരുടെയെങ്കിലും കുറ്റം കൊണ്ടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.കൊവിഡിനെ പൊതുജനാരോഗ്യ പ്രശ്‌നമായി കാണുന്നതിന് പകരം ക്രമസമാധാന പ്രശ്‌നമായി കണ്ട് പരിപൂര്‍ണമായി പോലിസിനെ ഏല്‍പ്പിച്ചത് സംസ്ഥാനത്തെ പോലിസ് രാജിലേക്ക് നയിക്കും.ലോകത്ത് മറ്റൊരിടത്തും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലിസ് സേനയെ ഏല്‍പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേത് തികച്ചും ഏകപക്ഷീയമായ നിലപാടാണ്. ഇത്തരമൊരു തീരുമാനം എടുത്തതില്‍ ഇടത് മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.  

Tags:    

Similar News