കൊവിഡ് രോഗവ്യാപനം: പ്രതിരോധനടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം- എസ്ഡിപിഐ

തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്. സൂപ്പര്‍ സ്പ്രെഡ് നടന്നതായി സംശയിക്കുന്ന പൂന്തുറയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്.

Update: 2020-07-09 14:41 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സാമൂഹികവ്യാപന സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രതിരോധനടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്. സൂപ്പര്‍ സ്പ്രെഡ് നടന്നതായി സംശയിക്കുന്ന പൂന്തുറയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ആരോഗ്യ-സേവന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനു പകരം കമാന്‍ഡോകളെയും പോലിസ് സേനയെയും ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ താല്‍ക്കാലികമായി കൊവിഡ് ആശുപത്രികള്‍ സ്ഥാപിക്കണം.

രോഗപരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം. കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. രോഗം സ്ഥിരീകരിച്ച ആളുകള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുണ്ട്. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ സൗജന്യമായി അരിയും ഭക്ഷ്യ കിറ്റുകളും അടിയന്തരമായി വിതരണം ചെയ്യണം. രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും അജ്മല്‍ ഇസ്മായീല്‍ അഭ്യര്‍ഥിച്ചു. 

Tags: