കൊവിഡ്: നിര്‍ദ്ദേശം അപ്രായോഗികം;ഹോട്ടലുകള്‍ക്കുള്ള സമയനിയന്ത്രണം പിന്‍വലിക്കണമെന്ന് ഉടമകള്‍

തിരഞ്ഞെടുപ്പ് കാലത്ത് യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെപ്രവര്‍ത്തിച്ച രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികള്‍. അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് പൊതുജനങ്ങളും, വ്യാപാരികളുമാണ്. കൊവിഡിനെ തുടര്‍ന്ന് കടുത്ത വ്യാപാരമാന്ദ്യത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശം

Update: 2021-04-13 06:43 GMT

കൊച്ചി: കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. തിരഞ്ഞെടുപ്പ് കാലത്ത് യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെപ്രവര്‍ത്തിച്ച രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികള്‍. അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് പൊതുജനങ്ങളും, വ്യാപാരികളുമാണ്.

കൊവിഡിനെ തുടര്‍ന്ന് കടുത്ത വ്യാപാരമാന്ദ്യത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശം. റമദാന്‍ നൊയമ്പ് ആരംഭിച്ചതോടെ പകല്‍ കച്ചവടം 60 ശതമാനത്തോളം കുറയും. രാത്രി വ്യാപാരത്തിലൂടെയാണ് ഹോട്ടലുകള്‍ പിടിച്ചുനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഹോട്ടലുകളില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച് രാത്രി 11 മണിവരെയെങ്കിലും തുറക്കാന്‍ അനുവാദം നല്‍കണം. പകുതി സീറ്റുകളില്‍ മാത്രം ആളുകളെ പ്രവേശിപ്പിക്കുവാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവും വിചിത്രമാണ്.

വാഹനങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ യാത്രചെയ്തുവരുന്നവര്‍ ഹോട്ടലുകള്‍ക്കകത്ത് മാത്രം സാമൂഹ്യ അകലം പാലിച്ചതുകൊണ്ട് വലിയ പ്രയോജനമുണ്ടാവില്ല. ഇരുപതില്‍ താഴെ ഇരിപ്പിടസൗകര്യമുള്ള ചെറുകിട ഹോട്ടലുകള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കും. കൂടാതെ കല്ല്യണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം പാഴ്‌സല്‍ നല്‍കണമെന്ന നിര്‍ദ്ദേശവും അപ്രായോഗികമാണ്. അത് നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതെന്നുമാത്രമല്ല, അതിഥികളെ അപമാനിക്കല്‍കൂടിയാണ്. ഈ നിര്‍ദ്ദേശങ്ങളും പിന്‍വലിക്കണമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും, ജനറല്‍സെക്രട്ടറി ജി ജയപാലും സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Tags: