കൊവിഡ് സാമ്പത്തിക പ്രതിസന്ധി: സ്‌കൂളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹരജി ; ഹൈക്കോടതി വിശദീകരണം തേടി

ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഏത് സര്‍ക്കാരാണ് സഹായം നല്‍കേണ്ടതെന്ന് വ്യക്തമാക്കണമെന്നു കേസിലെ കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചു

Update: 2020-09-22 15:13 GMT

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഏത് സര്‍ക്കാരാണ് സഹായം നല്‍കേണ്ടതെന്ന് വ്യക്തമാക്കണമെന്നു കേസിലെ കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചു. സിബിഎസ്ഇ അടക്കമുള്ള സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിഷേധിക്കുന്നത് തടയണമെന്നും യഥാര്‍ഥ ഫീസ് നിര്‍ണയിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

കൊവിഡ് സാഹചര്യങ്ങളില്‍ സ്‌കുളുകളും രക്ഷകര്‍ത്താക്കളും സാമ്പത്തിക വിഷമത്തിലാണന്നും സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നിഷേധിക്കപ്പെടില്ലെന്നും ഹരജിയില്‍ പറയുന്നു. കൊച്ചി വെണ്ണല സ്വദേശി കെ പി ആല്‍ബര്‍ട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും

Tags: