കൊവിഡ്: നിര്‍മാണച്ചെലവ് പകുതിയാക്കാതെ സിനിമാ വ്യവസായം മുന്നോട്ട് പോകില്ല: നിര്‍മാതാക്കള്‍

കോടികള്‍ ചെലവാക്കുന്ന ബിഗ് ബജറ്റ്, മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഉടന്‍ വേണ്ടെന്ന തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. പുതിയ സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുമ്പോള്‍ താരങ്ങളും പ്രധാന സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം. സിനിമയുടെ ആകെ നിര്‍മ്മാണ ചെലവ് 50 ശതമാനം എങ്കിലും കുറയണമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. താരസംഘടനയായ അമ്മ,സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും

Update: 2020-06-05 15:04 GMT

കൊച്ചി : സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയില്‍ ആണെന്നും നിര്‍മാണച്ചെലവ് പകുതിയോളം വെട്ടിക്കുറയ്ക്കാതെ സിനിമാ വ്യവസായത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സംഘടനയുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായും അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖല നേരിടുന്ന തകര്‍ച്ച വിലയിരുത്താനായിരുന്നു, നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. കോടികള്‍ ചെലവാക്കുന്ന ബിഗ് ബജറ്റ്, മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഉടന്‍ വേണ്ടെന്ന തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍.

പുതിയ സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുമ്പോള്‍ താരങ്ങളും പ്രധാന സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം. സിനിമയുടെ ആകെ നിര്‍മ്മാണ ചെലവ് 50 ശതമാനം എങ്കിലും കുറയണമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. താരസംഘടനയായ അമ്മ,സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.സിനിമാ വ്യവസായം മുമ്പൊരിക്കലും നേരിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഉയര്‍ന്ന പ്രതിഫലം നല്‍കി വലിയ ചെലവില്‍ സിനിമകളെടുക്കാനുള്ള അവസ്ഥ ഇപ്പോല്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. എന്നുണ്ടാകുമെന്ന് പറയാനുമാകില്ല. സിനിമാ നിര്‍മാണത്തിന് എത്ര പണം ചെലവഴിക്കാനാകുമെന്ന് മുന്‍കൂട്ടി ആര്‍ക്കും കണക്കാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ നിര്‍മാതാക്കള്‍ പലരും രംഗത്തു നിന്നു പിന്‍മാറുന്നു.

കഴിഞ്ഞ വര്‍ഷമിറങ്ങിയ പകുതിയോളം സിനിമകളുടെ നിര്‍മാതാക്കള്‍ പ്രവാസികളാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരൊന്നും പണം മുടക്കാന്‍ കഴിയുന്ന അവസ്ഥയിലായിരിക്കില്ല. അതുകൊണ്ടാണ് നിര്‍മാണ ചെലവ് പകുതിയെങ്കിലും കുറയ്ക്കണമെന്ന് പറയുന്നത്.അസോസിയേഷന്റെ തീരുമാനത്തോട് താരങ്ങളുള്‍പ്പെടെ സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഇതര സിനിമാ സംഘടനകളെ തീരുമാനം അറിയിക്കും. സര്‍ക്കാരില്‍ നിന്നു ള്ള വിവിധ സഹായങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിലെല്ലാം അനുഭാവത്തോടെ തീരുമാനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും എം രഞ്ജിത്ത് പറഞ്ഞു.  

Tags: