കൊവിഡ്: എറണാകുളത്ത് 10,000 കിടക്കകള്‍ ഉള്ള എഫ് എല്‍ ടി സി സംവിധാനം ഉടന്‍ സജ്ജമാക്കും

കൊവിഡ് രോഗം വ്യാപകമായ ചെല്ലാനം മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എഫ് എല്‍ ടി സി സജ്ജമാക്കും. സെന്റ്. ആന്റണിസ് പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടമാണ് എഫ് എല്‍ ടി സി ആയി ഉപയോഗിക്കുക. 50കിടക്കകള്‍ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തില്‍ ആകെ 83 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്

Update: 2020-07-14 09:31 GMT

കൊച്ചി : കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ചികില്‍സ ഉറപ്പാക്കുന്നതിന് ജില്ലയില്‍ 10,000 കിടക്കകള്‍ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ്് സെന്ററുകള്‍ (എഫ്എല്‍ടിസി) സജ്ജമാക്കും. മന്ത്രി വി എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ശരാശരി 100 കിടക്കകള്‍ വീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക. കൊവിഡ് ഇതര രോഗങ്ങള്‍ക്ക് ചികില്‍സ ഉറപ്പാക്കാന്‍ ടെലി മെഡിസിന്‍ സംവിധാനവും, സാമ്പിള്‍ ശേഖരണത്തിനത്തിനായി സ്വാബ് കളക്ഷന്‍ കേന്ദ്രവും അടിയന്തര ആവശ്യങ്ങള്‍ക്കായി ഡബിള്‍ ചേംബര്‍ വാഹനവും ക്രമീകരിക്കാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കും.

എഫ്എല്‍ടി സി കളിലെ സേവനത്തിനായി പ്രദേശ വാസികളായ രണ്ട് വോളന്റിയര്‍മാരെ നിയോഗിക്കും.കൊവിഡ് രോഗം വ്യാപകമായ ചെല്ലാനം മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എഫ് എല്‍ ടി സി സജ്ജമാക്കും. സെന്റ്. ആന്റണിസ് പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടമാണ് എഫ് എല്‍ ടി സി ആയി ഉപയോഗിക്കുക. 50കിടക്കകള്‍ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തില്‍ ആകെ 83 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് പ്രദേശത്തു നിന്നും 226 പേരുടെ സാമ്പിളുകള്‍ ശേഖരിക്കും. സമീപ പ്രദേശങ്ങളായ കണ്ണമാലി കുമ്പളങ്ങി മേഖലകളില്‍ നിന്നും 101 സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ചെല്ലാനം പഞ്ചായത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അനുവദിച്ചിട്ടുള്ള അഞ്ചു കിലോഗ്രാം അരി വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ചിട്ടുണ്ട്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വോളന്റീയര്‍മാരുടെ സഹായത്തോടെ അരി വീടുകളില്‍ എത്തിച്ചു നല്‍കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ അടങ്ങിയ ഫൂഡ് കിറ്റ് വിതരണം ചെയ്യുന്നതിനായി പഞ്ചായത്ത് പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി.ജില്ലയില്‍ 839 പരിശോധനകള്‍ ആണ് സര്‍ക്കാര്‍ ലാബുകളില്‍ ഇന്നലെ നടത്തിയത്. നിലവില്‍ ജില്ലയില്‍ മൂന്ന് ആര്‍ ടി പി സി ആര്‍ ഉപകരണങ്ങള്‍ പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. ഒരു ഉപകരണം കൂടി വരും ദിവസങ്ങളില്‍ സജ്ജമാക്കും. ഇതോടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിലെ കാലതാമസം കുറക്കുവാന്‍ സാധിക്കും. കവളങ്ങാട്, കരുമാലൂര്‍, കീഴ്മാട്, കുമ്പളങ്ങി പഞ്ചായത്തുകളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.  

Tags: