കൊവിഡ് വ്യാപനം;എറണാകുളത്ത് മിന്നല്‍ പരിശോധനയുമായി പോലിസ്

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.നിയന്ത്രണം പാലിക്കാതെ നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു

Update: 2021-04-17 14:13 GMT

കൊച്ചി:കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ എറണാകുളത്ത് വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.നിയന്ത്രണം പാലിക്കാതെ നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ഒരു കാരണവശാലും ബസുകളില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യാന്‍ പാടില്ലെന്ന് എസ് പി നിര്‍ദേശിച്ചു.ആലുവ മാര്‍ക്കറ്റില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കി.

മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും ഒരേ സമയം നടത്തരുത്. കടകളില്‍ ആളുകള്‍ നില്‍ക്കുന്നതിനുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തണം. സാമൂഹ്യ അകലം പാലിക്കണം. സാനിറ്റൈസര്‍ നിര്‍ബന്ധമാണ്. ആളുകള്‍ മാര്‍ക്കറ്റില്‍ വരുന്നതിന് സമയക്ലിപ്തത എര്‍പ്പെടുത്തണമെന്നും എസ് പി കെ കാര്‍ത്തിക്ക് നിര്‍ദേശം നല്‍കി. എടിഎം കൗണ്ടറുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ഇല്ലെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഈ ബാങ്കുകള്‍ക്ക് നോട്ടിസ് നല്‍കും.

മറ്റു വ്യാപാര സ്ഥാപനങ്ങളിലും, ഓട്ടോറിക്ഷാ സ്റ്റാന്റുകളിലും പരിശോധനടത്തി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തി.റൂറല്‍ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലും പരിശോധന നടക്കുകയാണ്. ഇതിനായി സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രുപീകരിച്ചതായി എസ് പി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസ് എടുക്കും. ജില്ലാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും സേവന സജ്ജരായി കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണെന്നും എസ് പി കെ കാര്‍ത്തിക്ക് അറിയിച്ചു.

Tags:    

Similar News