എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കും

കൊവിഡ് പരിശോധനാ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്ത സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട തൊഴില്‍ ഉടമകള്‍ കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കണം

Update: 2021-08-28 15:20 GMT

കൊച്ചി: കൊവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നിയന്ത്രണം നടപടികള്‍ കൂടുതല്‍ കര്‍ശന മാക്കുന്നു.ഡബ്ലു ഐ പി ആര്‍ നിരക്ക് കൂടിയ വാര്‍ഡുകളിലെയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളിലെയും പ്രവേശന കവാടങ്ങളില്‍ ശകതമായ നീരിക്ഷണം തുടരുമെന്നും. ഇക്കാര്യം പോലിസ് കര്‍ശനമായി പാലിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ രോഗപരിശോധനയും വാക്‌സിനേഷനും കൂടുതല്‍ ശക്തമാക്കും. ഓണക്കാലത്തിനുശേഷം രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. എന്നാല്‍ സിഎഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുമുണ്ട്. അതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വരും ദിവസങ്ങളില്‍ വര്‍ധന ഉണ്ടായേക്കാം. ഇതിനനുസരിച്ച് കിടക്ക സൗകര്യം, ഓക്‌സിജന്‍ കിടക്കള്‍, ഐ.സി.യു എന്നിവ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണാണ്. ഇത് കര്‍ശനമായി നടപ്പാക്കും. 70 വയസിനുമേല്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടിയിട്ടുള്ളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കി അവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രാദേശിക തലത്തില്‍ നടപടി സ്വീകരിക്കും. ഈ പ്രായക്കാര്‍ക്കിടയില്‍ കൊവിഡ് ബാധ മൂലം മരണം കൂടുന്നത് കണക്കിലെടുത്താണ് ഈ നടപടിയെന്നും അധികൃതര്‍ അറിയിച്ചു.കൊവിഡ് പരിശോധനാ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്ത സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി.കൊവിഡ് നെഗറ്റീവ് കേസുകള്‍ രേഖപ്പെടുത്താത്തതും പരിശോധനക്ക് വിധേയരായവരുടെ വാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്താത്തതുമായ ലാബുകളെ കണ്ടെത്തിയാണ് നടപടി സ്വീകരിക്കുക.. ലാബുകളിലെ ഡാറ്റ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേക പരിശോധനാ സംഘത്തിന് രൂപം നല്‍കി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും കലക്ടര്‍ അറിയിച്ചു..

വീടുകളില്‍ കഴിയുന്ന ഗുരുതര രോഗമുള്ളവരില്‍ കൊവിഡ് രോഗലക്ഷണം കണ്ടാല്‍ ഉടന്‍ അവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ പെട്ടവരില്‍ മരണ നിരക്ക് കൂടുന്നത് കണക്കിലെടുത്താണ് ഈ നടപടി. ഈ വിഭാഗത്തിലുള്ള രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള കാലതാമസം മരണത്തിന് കാരണമായേക്കാം എന്നതിനാലാണ് ഇത് എന്ന് കലക്ടര്‍ അറിയിച്ചു.ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട തൊഴില്‍ ഉടമകള്‍ കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. പൊതു, സ്വകാര്യ വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ഇതിനായി അവര്‍ക്ക് ഉപയോഗപ്പെടുത്താം. ഇക്കാര്യം ഉറപ്പാക്കാന്‍ തൊഴിലിടങ്ങളില്‍ പരിശോധന നടത്തും. വീഴ്ച കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Tags: