കൊവിഡ് വ്യാപനം: ആലപ്പുഴ ജില്ലയില്‍ കര്‍ശന നിയന്ത്രണമെന്ന് പോലിസ്; അനാവശ്യമായി പുറത്തിറങ്ങരുത്

അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല.കണ്ടയ്ന്‍മെന്റ് സോണുകളില്‍ പോലിസ് നിരീക്ഷണം കര്‍ശനമാക്കി.പരിശോധനക്ക് കൂടുതല്‍ പട്രോളിംഗ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എസ്പി പറഞ്ഞു. ജില്ലയില്‍ 319 ടീമുകളെയാണ് കണ്ടയ്ന്‍മെന്റ് പരിശോധനക്കായി നിയോഗിച്ചിട്ടുള്ളത്

Update: 2021-05-26 12:27 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയുടെ എല്ലാ സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു.അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല.കണ്ടയ്ന്‍മെന്റ് സോണുകളില്‍ പോലിസ് നിരീക്ഷണം കര്‍ശനമാക്കി.പരിശോധനക്ക് കൂടുതല്‍ പട്രോളിംഗ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എസ്പി പറഞ്ഞു. ജില്ലയില്‍ 319 ടീമുകളെയാണ് കണ്ടയ്ന്‍മെന്റ് പരിശോധനക്കായി നിയോഗിച്ചിട്ടുള്ളത്.

കൂടുതല്‍ പേരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കഴിയുമ്പോള്‍, കുറച്ച് ആളുകള്‍ ഇതൊന്നും പാലിക്കാതെ പൊതുനിരത്തുകളിലും മറ്റും കറങ്ങിനടക്കുന്നത് അംഗികരിക്കാനാവില്ലെന്ന് എസ്പി വ്യക്തമാക്കി. ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്വയം പ്രതിരോധം ആവശ്യമാണന്നും, എല്ലാവരും കൊവിഡ് വ്യാപനത്തിനെതിരായ സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും.കൊവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. അനുമതിയുള്ള കമ്പനികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അത്യാവശ്യം വേണ്ട ജീവനക്കാരെവച്ച് കൊവീഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

ആലപ്പുഴ ജില്ലയില്‍ ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഇന്ന് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 9 പേരെ അറസ്റ്റ് ചെയ്തു.അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തേക്ക് ഇറക്കിയ വാഹനങ്ങള്‍ 183 പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് 9 പേര്‍ക്കെതിരെയും,മാസ്‌ക്ക് ധരിക്കാത്തതിന് 746 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 420 പേര്‍ക്കെതിരെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.

29,124 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.താക്കീത് ചെയ്ത് വിട്ടവരില്‍ കൂടുതല്‍ പേരും ഡബിള്‍ മാസ്‌ക് ഉപയോഗിക്കാത്തവരായിരുന്നു.തുടര്‍ന്നും ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസ്പി വ്യക്തമാക്കി.നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 188, 269 പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എസ് പി ജി ജയ്‌ദേവ് പറഞ്ഞു.

Tags: