കൊവിഡ്: കോട്ടയത്ത് ഇന്ന് ലഭിച്ച 209 ഫലങ്ങളും നെഗറ്റീവ്; മൂന്നുപേര്‍ രോഗമുക്തരായി

സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ഉള്‍പ്പെടുന്നു.

Update: 2020-04-29 14:26 GMT

കോട്ടയം: ജില്ലയില്‍ ഇന്ന് ലഭിച്ച 209 സാംപിളുകളുടെ പരിശോധനാഫലവും നെഗറ്റീവ്. ഇതില്‍ 201 സാംപിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കപശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ്. സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ഉള്‍പ്പെടുന്നു. കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികില്‍സയിലുള്ള മൂന്നുപേര്‍ ഇന്ന് രോഗമുക്തരായി. വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ളത് 18 പേരാണ്. ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്.

17 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. ഇന്ന് ആരെയും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. 19 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 216 പേരെയാണ് ഇന്ന് ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടത്. ഹോം ക്വാറന്റേനില്‍ കഴിയുന്നവരുടെ എണ്ണം ഇതോടെ 1,256 ആയി. ജില്ലയില്‍ ഇന്നുവരെ 1,252 പേര്‍ സാംപിള്‍ പരിശോധനയ്ക്ക് വിധേയരായി. 272 പേരുടെ പരിശോധനാഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. 86 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി ഇന്ന് അയച്ചിട്ടുണ്ട്.  

Tags: